Tuesday, July 7, 2020

ഇന്ന് വൈകീട്ട് ആറു മണിയോടെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിക്കും; 6 മണിയോടെ എക്സിറ്റ് പോളുകള്‍

Updated on 19-05-2019 at 8:25 am

Share this news

ഇന്ന് വൈകീട്ട് ആറു മണിയോടെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിക്കും. ഇതോടെ വാര്‍ത്താ ചാനലുകള്‍ക്ക് എക്സിറ്റി പോളുകളിലേക്ക് നീങ്ങാനുള്ള സന്ദര്‍ഭമൊരുങ്ങും. ജനവികാരമെന്തെന്ന് പ്രവചിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ട ചരിത്രമാണുള്ളതെങ്കിലും എക്സിറ്റ് പോളുകളെ പ്രതീക്ഷിക്കുന്നവര്‍ കൂടുതലാണ്. 2004ല്‍ എക്സിറ്റ് പോളുകള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തിരിച്ചുവരവാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഫലം നേരെ തിരിച്ചായിരുന്നു. 2009ല്‍ കോണ്‍ഗ്രസ്സ് നേരിയ വിജയത്തോടെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചപ്പോഴും എക്സിറ്റ് പോളുകള്‍ക്ക് പിഴച്ചു. 2004ലേതിനെക്കാള്‍ 61 സീറ്റ് കൂടുതല്‍ നേടിയാണ് ഇത്തവണ എന്‍ഡിഎ അധികാരത്തിലെത്തിയത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനു ശേഷമുള്ള എക്സിറ്റ് പോള്‍ എന്ന നിലയില്‍ ഏറെ ആകാംക്ഷയോടെയാണ് രാജ്യം അവയെ കാത്തിരിക്കുന്നത്. പലതരത്തിലുള്ള ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പു കൂടിയാണിത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ട മറ്റൊരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ വെറും കളിപ്പാട്ടമായി കമ്മീഷന്‍ മാറിയെന്ന വിമര്‍ശനം ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചു. പ്രദാനമന്ത്രി തന്നെയും നിരവധി തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഒന്നിലും കമ്മീഷന്‍ ശരിയായ നടപടിയെടുത്തില്ലെന്നാണ് ആക്ഷോപം.

പ്രധാനമന്ത്രി മോദിയും അമിത് ഷായും നടത്തിയ വര്‍ഗീയ ചുവയുള്ള എന്ന് ആരോപിക്കപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ് വിമര്‍ശിക്കപ്പെട്ടത്. അഞ്ച് പരാതികളാണ് മോദിക്കെതിരെ ഉണ്ടായത്. ആദ്യം പരാതികളില്‍ തീരുമാനമെടുക്കുന്നത് കമ്മീഷന്‍ വൈകിപ്പിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. വര്‍ഗീയ ചുവയുള്ള പ്രസ്താവനകള്‍ക്ക് പുറമെ സൈന്യത്തെയും വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിച്ചു. പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട തീരുമാനത്തോട് വിയോജിച്ച കമ്മീഷന്‍ അംഗം അശോക് ലവാസ, വിയോജനക്കുറിപ്പ് ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്മീഷന്റെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന വാര്‍ത്തയും ഇതോടൊപ്പം പുറത്തുവന്നു.

വിവിപാറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സ്വീകരിച്ച സമീപനവും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യത്തെ ഫലം വൈകുമെന്ന വാദം ഉയര്‍ത്തിയാണ് കമ്മീഷന്‍ കോടതിയില്‍ നേരിട്ടത്. ഒരു നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംങ് യന്ത്രത്തിലെ വിവിപാറ്റുകള്‍ എണ്ണാനാണ് ഒടുവില്‍ സുപ്രിം കോടതി ഉത്തരവിട്ടത്.

ഏറ്റവും കൂടുതല്‍ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തതും ഈ തെരഞ്ഞെടുപ്പ് കാലത്താണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, കമ്മീഷന്‍ 3439 കോടി രൂപയുടെ അനധികൃത പണമാണ് പിടിച്ചെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ തുക തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തത്. 950 കോടി രൂപ. ഗുജറാത്തില്‍നിന്ന് 552 കോടി രൂപ അനധികൃതമായി കണ്ടെത്തിയപ്പോള്‍ ഡല്‍ഹിയില്‍നിന്ന് 426 രൂപയും കമ്മീഷന്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ വെല്ലുരില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതും ഈ തെരഞ്ഞെടുപ്പിനിടെയായിരുന്നു.

ന്യൂസ് 18-ഐപിഎസ്ഓഎസ്, ഇന്ത്യാ ടുഡേ-ആക്സിസ്, ടൈംസ് നൗ-സിഎന്‍എക്സ്, ന്യൂസ്എക്സ്-നേതാ, റിപ്പബ്ലിക്-ജന്‍ കി ബാത്ത്, റിപ്പബ്ലിക്-സിവോട്ടര്‍, എബിപി-സിഎസ്ഡിഎസ്, ഇന്ത്യ ടുഡേ-ചാണക്യ എന്നീ എക്സിറ്റ് പോളുകളാണ് ഇന്ന് ആറുമണിക്കു ശേഷം പുറത്തു വരിക.

comments


 

Other news in this section
WhatsApp chat