മോദി ഹൈടെക് ധ്യാനത്തിൽ; സമൂഹമാധ്യമങ്ങളിൽ ട്രോളന്മാർക്ക് ചാകര…

17-ാം ലോക്‌സഭയിലേക്കുള്ള പ്രചരണം അവസാനിക്കുകയും ഏഴാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കുകയും ചെയ്ത ഇന്നലെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തുകയും പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഗുഹയില്‍ ധ്യാനിക്കുകയും ചെയ്ത ശേഷം പ്രധാനമന്ത്രി മോദി ഇന്നു രാവിലെ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായ ബദരീനാഥിലേക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലോടു കൂടിയാണ് മോദി ഗുഹയില്‍ ധ്യാനം ആരംഭിച്ചത്. ഇന്നു രാവിലെ ഏഴരയ്ക്ക് ഇവിടെ നിന്നു പുറത്തു വന്ന ശേഷം കേദാര്‍നാഥില്‍ വീണ്ടും സന്ദര്‍ശനം നടത്തിയ ശേഷമാണ് ബദരീനാഥ് സന്ദര്‍ശനം. അതിനിടെ, പ്രചരണം അവസാനിച്ച ഘട്ടത്തിലും മോദിയുടെ ക്ഷേത്ര ദര്‍ശനവും ഇതിനു ലഭിക്കുന്ന മാധ്യമ ശ്രദ്ധയും ഒപ്പം ബംഗാള്‍, ഹിമാചല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വസ്ത്രധാരണവും വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.

ഹിമാലയത്തില്‍ 11,700 അടി ഉയരത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്ത് അടുത്തിടെ പണി കഴിപ്പിച്ചതാണ് പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഗുഹ. ഇന്നലെ ഉച്ച കഴിഞ്ഞ് ധ്യാനത്തിനായി മോദി ഗുഹയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. മോദിക്കുള്ള രാത്രി ഭക്ഷണം ഗുഹയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മംഗേഷ് ഘില്‍ദിയാല്‍ വ്യക്തമാക്കി. ഇപ്പോള്‍ മഞ്ഞു മൂടിക്കിടക്കുന്ന കേദാര്‍നാഥില്‍ മഴയും ഉള്ളതിനാല്‍ രാത്രിയില്‍ താപനില മൈനസ് മൂന്നു വരെ താഴും.

വൈദ്യൂതി കണക്ഷന്‍ ഉള്ള ഗുഹയാണിത്. ഉള്‍വശം ചൂടുപിടിപ്പിക്കാനുള്ള ഹീറ്റര്‍, ബെഡ്, കുളിക്കാനുള്ള പ്രത്യേക സ്ഥലം, അറ്റാച്ച്ഡ് ടോയ്‌ലറ്റ്, വെള്ളം ചൂടാക്കാനായുള്ള ഇലക്ട്രിക് ഗീസര്‍ എന്നിവയും ഗുഹയിലുണ്ടെന്ന് ഘില്‍ദിയാല്‍ വ്യക്തമാക്കി. പ്രത്യേക ഫോണ്‍ കണക്ഷനും ഗുഹയിലുണ്ട്. ഇതിനു പുറമെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി ഗുഹയ്ക്കടുത്ത് രണ്ടു ടെന്റുകള്‍ പ്രത്യേകം തയാറാക്കിയിരുന്നു.

അതിനിടെ, യാതൊരു കാരണവശാലും പരസ്യപ്രചരണ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നിരിക്കെ, മോദിയുടെ ക്ഷേത്രദര്‍ശനങ്ങള്‍ വഴി ഇതൊക്കെ ലംഘിക്കപ്പെടുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മതപരമായ കാര്യങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുക വഴി പെരുമാറ്റച്ചട്ടം എല്ലാ വിധത്തിലും ലംഘിക്കുകയാണ് മോദി ചെയ്തതെന്നാണ് വിമര്‍ശനം. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള യാതൊരു പരസ്യപരിപാടികളും വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നടത്താന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍ മോദിയുടെ ഉത്തരാഖണ്ട് സന്ദര്‍ശനത്തിനു ലഭിച്ച മാധ്യമ കവറേജ് ഇതെല്ലാം തെറ്റിക്കുന്നതാണ് എന്നാണ് വിമര്‍ശനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊപ്പമാണ് ഇന്നലെ കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലുള്ള മോദിയുടെ വസ്ത്രധാരണവും വിവാദമായിരിക്കുന്നത്.

രവീന്ദ്രനാഥ ടാഗോറിലൂടെ പ്രശസ്തമായ ജൊബ്ബ എന്നു വിളിക്കുന്ന നീണ്ട അയഞ്ഞ ചാര നിറത്തിലുള്ള ഒറ്റക്കുപ്പായമായിരുന്നു മോദി ധരിച്ചിരുന്നത്. ഇതിനെ ചുറ്റിയിട്ടുള്ള കാവി നിറത്തിലുള്ള തുണി സ്വാമി വിവേകാനന്ദനെ അനുസ്മരിപ്പിക്കുന്നതാണ്. രണ്ടു പേരും ബംഗാളില്‍ നിന്നുള്ളവരായതിനാല്‍ ഈ വസ്ത്രധാരണം ഇന്ന് ഒമ്പതു സീറ്റില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ് എന്നതാണ് ആക്ഷേപം. ഇതിനു പുറമെ ഹിമാചല്‍ പ്രദേശിലെ നാലു സീറ്റിലും ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മോദിയുടെ ഇന്നലെ ധരിച്ചിരുന്നതും പ്രശസ്തമായ ‘ഹിമാചലി’ തൊപ്പിയാണ്.

കേദാര്‍നാഥില്‍ ധ്യാനിക്കാനായി എത്തിയ മോദിക്ക് എന്തിനാണ് റെഡ് കാര്‍പെറ്റ് സ്വീകരണം ഒരുക്കിയതെന്ന വിമര്‍ശനവും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: