ഇ.വി.എം കാറുകളില്‍ കടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇ.വി.എമ്മുകള്‍ കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വീണ്ടും. യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങളനുസരിച്ച് കടകളിലാണ് കുറച്ച് ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മറ്റു ചിലത് സ്വകാര്യവാഹനങ്ങളുടെ ഡിക്കികളിലും സൂക്ഷിച്ചിരിക്കുന്നു.

യു.പിയിലെ ചന്ദൗലിയിലെ ഒരു കടയില്‍ നിന്നും ഇ.വി.എമ്മുകളും വി.വിപാറ്റ് മെഷീനുകളും ഒരു സംഘം ആളുകള്‍ കാറിലേക്ക് കടത്തുന്നതാണ് ഒരു വീഡിയോ. മറ്റൊരു വീഡിയോ പഞ്ചാബില്‍ നിന്നും ആം ആദ്മി പ്രവര്‍ത്തക പകര്‍ത്തിയതാണ്. കാറില്‍ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എം മെഷീനുകളാണ് വീഡിയോയില്‍ കാണുന്നത്. പിന്നില്‍ ബി.ജെ.പിയാണെന്നും യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ ഇ.വി.എം എവിടേക്കാണ് കടത്തിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. എസ്.ഡി വിദ്യാമന്തിര്‍ സ്ട്രോങ് റൂമില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തര്‍ കാറില്‍ ഇ.വി.എം കടത്തുന്നത്.

സ്ഥാനാര്‍ഥികളെ അറിയിക്കാതെയാണ് പോളിങ് സ്റ്റേഷനിലേക്ക് ഇ.വി.എം കൊണ്ടു പോവുന്നതെന്ന് ഒരു വീഡിയോയില്‍ ഒരാള്‍ പറയുന്നുണ്ട്. ഝാന്‍സിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഇ.വി.എം അട്ടിമറി ശ്രമമെന്ന പ്രതിപക്ഷാരോപണം നിലനില്‍ക്കെയാണ് വീഡിയോകള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത്.

https://www.youtube.com/watch?v=M0Bpbcn0-0M
Share this news

Leave a Reply

%d bloggers like this: