വോട്ടിങ് യന്ത്രത്തില്‍ നിന്ന് മോക്ക് വോട്ടുകള്‍ നീക്കിയില്ല; പകരം മാറ്റിയത് യഥാര്‍ഥ വോട്ടുകള്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ നിന്ന് മോക് വോട്ടുകള്‍ നീക്കം ചെയ്യാതെ വോട്ടെടുപ്പ് നടത്തുകയും പകരം യഥാര്‍ഥ വോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തത് വിവാദമാവുന്നു. ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലാണ് പോളിങിന് മുമ്പ് വോട്ടിങ് യന്ത്രം പരിശോധിക്കാന്‍ നടത്തിയ ട്രയല്‍ പോളിങ്ങിന്റെ ഫലങ്ങള്‍ നീക്കം ചെയ്യാതെ വോട്ടിങ് ആരംഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ യഥാര്‍ഥ വോട്ടുകളില്‍ നിന്ന് ഏതാനും ചിലത് നീക്കം ചെയ്തു.

സംഭവത്തില്‍ 20 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ അഞ്ച് പ്രിസൈഡിംഗ് ഉദ്യോഗസ്ഥരെയും 15 പോളിംഗ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യുമെന്നും ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ദേവേഷ് കുമാര്‍ അറിയിച്ചു. മാണ്ഡി, ഷിംല, ഹമിര്‍പുര്‍ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ക്രമക്കേട് നടന്നതെന്നും ദേവേഷ് കുമാര്‍ പറഞ്ഞു.

യഥാര്‍ത്ഥ വോട്ടെടുപ്പ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാണോ എന്ന് ഉറപ്പു വരുത്താനാണ് അമ്പതോളം വോട്ടര്‍മാരെ നിയോഗിച്ച് മോക് പോള്‍ നടത്തുന്നത്. മോക് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് പരസ്യമാക്കും. ഈ ഫലങ്ങള്‍ നീക്കം ചെയ്തശേഷം മാത്രമാണ് വോട്ടെടുപ്പ് ആരംഭിക്കേണ്ടത്.

Share this news

Leave a Reply

%d bloggers like this: