ലോകാരോഗ്യ സംഘടനയുടെ പ്രഥമ വ്യക്തിത്വ പുരസ്‌കാരം ബഹ്റൈന്‍ പ്രധാനമന്ത്രിക്ക്…

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെ ലോകാരോഗ്യ സംഘടന ആദരിക്കുന്നു. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര വ്യക്തിത്വ പുരസ്‌കാരം നല്‍കിയാണ് ബഹ്റൈന്‍ രാജാവിനെ ആദരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ആദരവ് നല്‍കുന്നതെന്ന് സംഘടന ഡയരക്ടര്‍ ഡോ. ടെഡ്റോസ് അദാനോം ഗബ്രിയേസസ് അറിയിച്ചു.

ആരോഗ്യ മേഖലയില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് ആദരവെന്നും ലോകാരോഗ്യ സംഘടനയുടെ 72ാമത് യോഗത്തില്‍ വെച്ച് ആദരവ് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ മേഖലയില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകാപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചതായി സംഘടന വിലയിരുത്തിയിട്ടുണ്ട്. 1978 മുതല്‍ ലോകാരോഗ്യ സംഘടനയുമായി വിവിധ മേഖലകളില്‍ ബഹ്റൈന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2000ത്തോടെ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്താന്‍ ബഹ്റൈന് സാധിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമിടാനും സാധിച്ചെന്ന് ഗബ്രിയേസസ് കൂട്ടിച്ചേര്‍ത്തു. 194 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ലോകാരോഗ്യ സംഘടനയിലുള്ളത്. ഇന്ന് ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരവ് ഏറ്റുവാങ്ങുമെന്ന് ബഹ്റൈനിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share this news

Leave a Reply

%d bloggers like this: