ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവാവ് സിറിയയിലെ പട്ടിണിയും ദുരിതവും കാരണം നാട്ടിലേക്ക് മടങ്ങി വന്നോട്ടെ എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത്…

കാസര്‍ഗോഡ്: കഴിക്കാന്‍ ഭക്ഷണമില്ലെന്നും കടുത്ത ദുരിതത്തിലാണെന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവാവ്. കാസര്‍ഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാനാണ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചത്. ദ ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിറിയയില്‍ ഐഎസ് അംഗങ്ങള്‍ ഭക്ഷണമില്ലാതെ ദുരിതത്തിലാണ് എന്നാണ് ഇയാള്‍ ഫോണില്‍ കുടുംബാംഗങ്ങളെ അറിയിച്ചിരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.

2016 ജൂണിലാണ് ഐഎസില്‍ ചേരാനായി ഇയാള്‍ അഫ്ഗാനിസ്താനിലേയ്ക്ക് കടന്നത്. പിന്നീട് സിറിയയിലേയ്ക്ക് പോവുകയായിരുന്നു. കഴിഞ്ഞ മാസമാണ് മാതാവ് ഹബീബയെ വിളിച്ച് ഫിറോസ് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് എന്ന് ഇവരുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. ഒരു മലേഷ്യക്കാരിയെ തന്നെക്കൊണ്ട് ഐഎസ് നേതാക്കള്‍ വിവാഹം കഴിപ്പിച്ചതായും എന്നാല്‍ ഈ യുവതി തന്നെ ഉപേക്ഷിച്ച് പോയതായും ഫിറോസ് പറയുന്നു. തിരിച്ചുവന്ന് കീഴടങ്ങാന്‍ ആഗ്രഹമുണ്ട് എന്ന് ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ എന്തൊക്കെ കേസുകളാണ് നേരിടേണ്ടി വരുക എന്നും ചോദിച്ചിരുന്നു. പിന്നീട് ഫിറോസ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഫിറോസ് വീട്ടുകാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കളേയും സുഹൃത്തുക്കളേയും ഐഎസില്‍ ചേരാന്‍ ഫിറോസ് പ്രേരിപ്പിച്ചതായും ഏജന്‍സികള്‍ പറയുന്നു.

ഭീകരസംഘത്തിന്റെ വിഭവദാരിദ്ര്യം വ്യക്തമാക്കുന്നതാണ് ഫിറോസ് ഖാന്‍ പറഞ്ഞ കാര്യം. ഫിറോസിനൊപ്പം ഒരു ഡസനോളം യുവാക്കളെ 2016ല്‍ ഐഎസ് ഭീകരപ്രവര്‍ത്തകര്‍ കാസറഗോഡ് ജില്ലയില്‍ നിന്ന് റിക്രൂട്ട് ചെയ്തിട്ടുള്ളതായി സുരക്ഷാസംഘടനകള്‍ പറയുന്നു. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വന്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരസംഘടന കൈവശം വച്ചിരുന്ന പ്രദേശങ്ങളില്‍ ബഹുഭൂരിഭാഗവും അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ നിന്നും നിരവധി യുവാക്കള്‍ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കൂടാലി സ്വദേശിയായ ഷാജഹാന്‍ (32) എന്ന യുവാവിനെ സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ തുര്‍ക്കി അധികൃതര്‍ പിടികൂടി ഇന്ത്യയിലേയ്ക്ക് അയച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്ത്രീകളടക്കം 35 പേര്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേയ്ക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ ഭൂരിഭാഗവും സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: