വിമാന റാഞ്ചല്‍: കാമുകിയെ സ്വന്തമാക്കാന്‍ വിമാനത്തില്‍ റാഞ്ചല്‍ കുറിപ്പിട്ടയാള്‍ക്ക് ജീവപര്യന്തവും 5 കോടി പിഴയും ശിക്ഷ…

2016ല്‍ ഭേദഗതി വരുത്തിയ റാഞ്ചല്‍ വിരുദ്ധ നിയമപ്രകാരമുള്ള ആദ്യത്തെ ശിക്ഷാവിധി പുറത്തുവന്നു. 2017ല്‍ മുംബൈ-ഡല്‍ഹി വിമാനത്തില്‍ റാഞ്ചല്‍ കുറിപ്പ് എഴുതിയിട്ട ബിര്‍ജു കിഷോര്‍ സല്ല എന്ന ബിസിനസ്സുകാരന് ജീവപര്യന്തം തടവും അഞ്ചു കോടി പിഴയും പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു. ഭേദഗതി വരുത്തിയതിനു ശേഷം ഇതാദ്യമായാണ് ഒരാള്‍ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നത്.

2017 ഒക്ടോബര്‍ 30നാണ് താന്‍ സഞ്ചരിച്ച വിമാനത്തില്‍ ഈ കുറിപ്പ് സല്ല നിക്ഷേപിച്ചത്. കൃത്യമായി ആസൂത്രണം ചെയ്താണ് സല്ല ഈ പ്രവൃത്തി ചെയ്തതെന്ന ദേശീയാന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം കോടതി അംഗീകരിച്ചു. സല്ല തന്റെ ഓഫീസിലിരുന്ന ഈ കുറിപ്പ് തയ്യാറാക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അന്വേഷകര്‍ കണ്ടെത്തിയിരുന്നു.

സല്ലയില്‍ നിന്ന് ഈടാക്കുന്ന അഞ്ച് കോടി രൂപയില്‍ നിന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് ഓരോ ലക്ഷം വീതം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് എയര്‍ ഹോസ്റ്റസ്സുമാര്‍ക്ക് 50,000 രൂപ വീതം നല്‍കണം. മറ്റ് വിമാനജീവനക്കാര്‍ക്ക് 25,000 രൂപ വീതവും നല്‍കണം. ഇവര്‍ ഏഴു പേരുണ്ട്. 115 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തന്റെ സ്വന്തം ലാപ്‌ടോപ്പില്‍ തന്നെയാണ് സല്ല ഈ ഭീഷണിക്കുറിപ്പ് ടൈപ്പ് ചെയ്തത്. ഓഫീസില്‍ നിന്നു തന്നെ പ്രിന്റൗട്ട് എടുക്കുകയും ചെയ്തു. വിമാനത്തിന്റെ ടോയ്ലെറ്റിലെ ടിഷ്യൂ ബോക്‌സില്‍ ഇയാള്‍ ഈ കുറിപ്പ് നിക്ഷേപിക്കുകയായിരുന്നു. ഇംഗ്ലീഷിലുള്ള കുറിപ്പിനൊപ്പം ഉറുദ്ദുവിലുള്ള കുറിപ്പും വെച്ചിരുന്നു. ഇത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് എടുത്തതാണെന്ന് അന്വേഷകര്‍ കണ്ടെത്തി. വിമാനം റാഞ്ചിയിട്ടുണ്ടെന്നും ലാന്‍ഡ് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. പാക് അധീന കശ്മീരിലേക്ക് നീങ്ങണമെന്നും അനുസരിച്ചില്ലെങ്കില്‍ വിമാനത്തിലുള്ളവര്‍ മരിക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു.

ജെറ്റ് എയര്‍വേയ്‌സിന്റെ ബിസിനസ്സ് ഏതുവിധേനയും അവസാനിപ്പിച്ച് അതില്‍ ജോലി ചെയ്യുന്ന തന്റെ പെണ്‍സുഹൃത്തിന്റെ ജോലി ഇല്ലാതാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് കുറ്റപത്രം ആരോപിക്കുന്നു. ജോലി നഷ്ടപ്പെട്ടാല്‍ ഡല്‍ഹിയിലുള്ള പെണ്‍സുഹൃത്ത് മുംബൈയില്‍ തനിക്കൊപ്പം ജീവിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: