Sunday, July 5, 2020

ഹൃദ്യമായ ചിരി പടര്‍ത്തി ; ഉര്‍ജ്ജസ്വലതയോടെ പരിചയക്കാര്‍ക്ക് മുന്നിലെത്തുന്ന ഷൈമോള്‍ ഇനിയില്ല

Updated on 23-06-2019 at 11:20 am

Share this news

ബെല്‍ഫാസ്റ്റ് : അത്യന്തം വേദനിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഐറിഷ് -ബ്രിട്ടീഷ് മലയാളി സമൂഹത്തെ തേടിയെത്തിയത്. തീര്‍ത്തും വേദനാജനകമായ വാര്‍ത്തയുടെ അമ്പരപ്പ് പലരിലും വിട്ടുമാറിയിട്ടുമില്ല. ബെല്‍ഫാസ്റ്റില്‍ വാഹനാപകടത്തില്‍ പെട്ട ഷൈമോള്‍ തോമസ് എന്ന മലയാളി നേഴ്‌സ് മരണമടഞ്ഞ വാര്‍ത്ത ഇവരുമായി പരിചയമുള്ളവര്‍ക്ക് കേട്ടമാത്രയില്‍ അവിശ്വസനീയമായി തോന്നിയതും സ്വാഭാവികം മാത്രം. സ്വന്തം കുടുംബവും സുഹൃത്തുക്കളും ആ ദുരന്തവാര്‍ത്തയുടെ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ചെറിയഒരുഅളവില്‍ പോലും മുക്തമായിട്ടുമില്ല.

കോട്ടയം, മാറിടം സ്വദേശിയായ ഷൈമോള്‍ തോമസ് എന്ന മലയാളി നേഴ്‌സ് വര്‍ഷങ്ങളായി ആന്‍ട്രിമില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി വരികയായിരുന്നു. ഭര്‍ത്താവ് നെല്‍സണ്‍ ജോണ്‍, ആദ്യമായി ഈ മേഖലയിലേക്ക് കുടിയേറിയ മലയാളികളില്‍ ഒരാളുമാണ്. നെല്‍സണ്‍ ഇവിടെ എത്തിയതിനു ശേഷമാണു ഷൈമോളുമായുള്ള വിവാഹം നടന്നത്. രണ്ടുപേരും അന്‍ട്രിം മരിയ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. വളരെ മുന്‍പ് തന്നെ വടക്കന്‍ അയര്‍ലണ്ടില്‍ എത്തിയതിനാല്‍ ഇവിടുത്തെ മലയാളി സംഘടനയുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ആളാണ് നെല്‍സണ്‍. ഷൈമോള്‍ അന്‍ട്രിം മലയാളി അസോസിയേഷന്റെ മുന്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന്‍ട്രിമില്‍ ഷൈമോളെയും, നെല്‍സനെയും അറിയാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. ഇവിടെ മലയാളികളുമായി ബന്ധപ്പെട്ട ഏതൊരു ആവശ്യത്തിനും, കൂട്ടായ്മയിലും ഈ കുടുബവും ഉണ്ടാകാറുണ്ടെന്നാണ് ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ പറയുന്നത്. സാമൂഹ്യ സേവന രംഗത്തും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടുപേരും നഴ്‌സിംഗ് ജീവനക്കാര്‍ ആയതിനാല്‍ ഒരുമിച്ചു അവധി ലഭിക്കാത്തതിനാലാണ് ആദ്യം അവധി ലഭിച്ച നെല്‍സണ്‍ നാട്ടിലോട്ട് തിരിച്ചത്. കൂടെ മക്കളെയും കൂട്ടി. അവധികാലം കുട്ടികള്‍ക്ക് നാട്ടില്‍ ചെലവഴിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കരുതെന്നു കരുതിയാണ് കുട്ടികളെയും നാട്ടിലേക്ക് അയച്ചത്. മൂന്നുമക്കളയില്‍ രണ്ടാമത്തെ കുട്ടിയുടെ ആദ്യകുര്‍ബാന കഴിഞ്ഞ മാസമാണ് നടന്നത്. ഷൈമോളുടെ കൂട്ടുകാരി മെയിമോളുടെ ഭര്‍ത്താവ് ബിജുവും അവധിക്ക് നാട്ടില്‍ പോയിരിക്കുകയായിരുന്നു.

നെല്‍സന്റെ വീട്ടില്‍ ബന്ധുക്കളുടെ കൂടെ അവധി ആഘോഷത്തിന്റെ തിമിര്‍പ്പിലായിരുന്നു കൂട്ടികള്‍. കുറച്ചു ദിവസത്തിനിടയില്‍ ഷൈമോളും നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയത്താണ് ഇവരെ മരണം കവര്‍ന്നെടുത്ത്. ഷൈമോളുടെ ‘അമ്മ ഇപ്പോള്‍ ആന്‍ട്രിമിലുണ്ട്. ഷൈമോളുടെ ഒരു സഹോദരിയും ആന്‍ട്രിമില്‍ തന്നെയുണ്ട്. ഇവരുടെ പേരും മെയ് മോള്‍ എന്നാണ്.

ഷൈമോളുടെ കൂട്ടുകാരി അന്‍ട്രിം മരിയ ആശുപത്രിയിലെ നേഴ്‌സ് ആയ മെയിമോളുടെ മകനെ ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സില്‍വര്‍ ക്യാമ്പിന് കൊണ്ടുപോയി തിരിച്ചു വരവിലാണ് അമിത വേഗത്തില്‍ പാഞ്ഞടുത്ത കാര്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചത്. മെയ്‌മോള്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന ഷൈമോളുടെ സൈഡിലേക്കാണ് അശ്രദ്ധയോടെ വന്ന കാര്‍ ഇടിച്ചു കയറിയത്. സംഭവ സ്ഥലത്തു തന്നെ ഷൈമോള്‍ മരണത്തിനു കീഴടങ്ങി എന്നാണ് ലഭ്യമായ വിവരം.

സ്റ്റിയറിങ് വീലിനും പാസഞ്ചര്‍ സീറ്റിനും ഇടയില്‍ കുടുങ്ങിയ മെയ്‌മോളെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായ പരുക്കേറ്റ മെയ്‌മോള്‍ വെന്റിലേറ്ററിലാണ്. എങ്കിലും മെയ് മോള്‍ അപകട നില തരണം ചെയ്തു. അതിനിടെ പുറകിലെ സീറ്റില്‍ ഇരുന്ന കുട്ടിക്ക് സാരമായ പരുക്കുണ്ട്. കാലിനാണ് പരുക്കുകള്‍ കൂടുതല്‍. മണിക്കൂറുകള്‍ വേണ്ടിവരുന്ന ശസ്ത്രക്രിയ കുട്ടിക്ക് വേണ്ടി വരും എന്നാണ് ആശുപത്രി വൃത്തങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. കുട്ടിയും അപകട നില തരണം ചെയ്തു. മെയ്മോളുടെ മകന്റെ കൂട്ടുകാരനായ ബ്രിട്ടീഷ് കൗമാരക്കാരനാണ് ഈ കുട്ടി.

ഷൈമോളുടെ മൂത്ത മകള്‍ ലിയാനയുടെ പിറന്നാള്‍ ആഘോഷം നടക്കാനിരിക്കുകയായിരുന്നു. ആ സമയത്തേക്ക് ഷൈമോളും നാട്ടിലേക്ക് എത്താനാണ് പദ്ധതിയിട്ടിരുന്നത്. അപകട വിവരം അറിഞ്ഞു നെല്‍സണ്‍ അയര്‍ലന്‍ഡിലേക്ക് മടങ്ങുമ്പോള്‍ ഡാഡിക്ക് ജോലിയുമായി ബന്ധപ്പെട്ട് ഉടന്‍ തിരിച്ചുപോകണം എന്നാണ് മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. കൂട്ടുകാരെപോലെ ആയിരുന്നു ഷൈമോളും മക്കളും തമ്മിലുള്ള ബന്ധം. കുട്ടികളെ പിരിഞ്ഞിരിക്കാനും ഇവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. നാട്ടിലേക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ചെല്ലാം എന്ന ധാരണയിലാണ് കുട്ടികളെ നാട്ടിലോട്ട് അയച്ചത്. മമ്മിയുടെ മരണ വിവരം കുട്ടികളെ എങ്ങനെ അറിയിക്കുന്നമെന്ന
മാനസിക സംഘര്‍ഷത്തിലാണ് ബന്ധുക്കള്‍. ലിയാന, റിയാന, ഈതന്‍ എന്നിവരാണ് മക്കള്‍.

കുടുംബം, ജോലി എന്നിവയിക്കിടയിലും സുഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ദമ്പതിമാര്‍ ആയിരുന്നു ഷൈമോളും നെല്‍സണും. അസോസിയേഷനുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളിലും ഷൈമോള്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഒരാളെ ഒരിക്കല്‍ കണ്ടാല്‍ പിന്നീട് എവിടെവെച്ചു കണ്ടാലും സൗഹൃദം പുതുക്കുന്ന പ്രകൃതകാരിയായിരുന്നു ഷൈമോള്‍ എന്ന് ഈ കുടുംബത്തോട് അടുത്ത് ബന്ധമുള്ളവര്‍ ഓര്‍ത്തെടുക്കുന്നു. എപ്പോഴും നിറചിരിയോടെ പരിചയക്കാര്‍ക്ക് മുന്നിലെത്തുകയും, എല്ലാവരുമായി ഇടപെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഷൈമോളുടെ വിയോഗം സുഹൃത്തുകള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ തീരാവേദനയായി മാറി. പാലായിലെ സെന്റ് മേരിസ് സ്‌കൂളിലും , തുടര്‍ന്ന് തലശ്ശേരിയിലെ കോളേജ് ഓഫ് നഴ്‌സിങ്ങിലും ഷൈമോള്‍ പഠനം പൂര്‍ത്തിയാക്കി.

ഇന്നലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ വൈകിട്ട് എത്തിയ നെല്‍സണ്‍ ഇന്ന് രാവിലെ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി പ്രിയതമയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് അറിയാന്‍ കഴിയുന്നത് .

ഡികെ

comments


 

Other news in this section
WhatsApp chat