കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു…

തൃശ്ശൂര്‍. സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു (59). ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.

1989ല്‍ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായണ്‍ തൊണ്ണൂറുകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ബാബു നാരായണന്‍ -അനില്‍ കുമാര്‍ കൂട്ടുക്കെട്ടില്‍ (അനില്‍ ബാബു) പിറവിടെയുത്ത ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണന്‍ സംവിധാനം ചെയ്തത്. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍. നടി ശ്രവണ മകളാണ് (‘തട്ടിന്‍പ്പുറത്തെ അച്യുതന്‍’ നായിക). ഭാര്യ: ജ്യോതി ബാബു. മകന്‍: ദര്‍ശന്‍.

Share this news

Leave a Reply

%d bloggers like this: