89ാമത് കേന്ദ്ര ബജറ്റവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍…

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമഗ്ര ബജറ്റിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. കേന്ദ്ര ധനമന്ത്രി തുണിസഞ്ചിയില്‍ പൊതിഞ്ഞു കൊണ്ടു വന്ന ബജറ്റ് കാര്‍ഷിക പ്രശ്‌നങ്ങളിലേക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷ പൊതുവിലുണ്ട്. ഇന്ത്യയിലെ 89ാമത്തെ പൊതുബജറ്റ് ആണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാനിരക്കിലെ ഇടിവും നേരിടുമ്പോഴാണ് വരുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി പുതിയ ഇന്ത്യക്കു വേണ്ടിയുള്ളതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനുമായുള്ള ജനവിധിയാണ് ഉണ്ടായത്. രാജ്യം ഒന്നാമത് എന്ന ആശയമാണ് ഈ ജനവിധി രാജ്യത്തിനു മുമ്പില്‍ വെച്ചത്. ജിഎസ്ടി കൗണ്‍സില്‍ തുടങ്ങിയ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഈ അടിത്തറയില്‍ നിന്ന് മുമ്പോട്ടു പോകാനാണ് ശ്രമിക്കുന്നത്.

പെര്‍ഫോം റിഫോം, ട്രാന്‍സ്ഫോം എന്നീ ആശയങ്ങളിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ചാണക്യസൂത്രം ഉദ്ധരിച്ചാണ് നിര്‍മല സീതാരാമന്‍ തന്റെ അവതരണം തുടങ്ങിയത്. ‘നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള മനുഷ്യ പ്രയത്‌നം ഫലത്തിലെത്തുക തന്നെ ചെയ്യും’ എന്നര്‍ത്ഥം വരുന്ന ഈരടിയാണ് മന്ത്രി ഉദ്ധരിച്ചത്. സന്നദ്ധ സംഘടനകളെ ഉപയോഗിച്ചും ഇതര സാമൂഹ്യ സ്ഥാപനങ്ങളെ ഉപയോഗിച്ചും മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ളവയിലേക്ക് ഓഹരി മൂലധനം സ്വരൂപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരണത്തില്‍ പറഞ്ഞു. രാജ്യത്തേക്കുള്ള വിദേശ മൂലധന ഒഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതായും മന്ത്രി അവകാശപ്പെട്ടു. നിലവില്‍ 54.2 ബില്യണ്‍ ഡോളറാണ് രാജ്യത്തെ വിദേശനിക്ഷേപം. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 6 ശതമാനം അധികമാണിത്.

മാധ്യമരംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും തങ്ങളാരായുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. അനിമേഷന്‍ അടക്കമുള്ള മാധ്യമമേഖലകളിലേക്കും വിദേശനിക്ഷേപം കൂട്ടും. നിലവില്‍ പരമാവധി 40% ശതമാനമാണ് ഈ മേഖലളിലെ വിദേശനിക്ഷേപം. വര്‍ഷാവര്‍ഷം ആഗോളതലത്തിലെ ബിസിനസ്സുകാരെ ഉള്‍പ്പെടുത്തി ഒരു യോഗം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. വ്യവസായികള്‍, കോര്‍പ്പറേറ്റ് ലീഡര്‍മാര്‍, വെന്‍ച്വര്‍ ഫണ്ടുകള്‍ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചാണ് ഈ മീറ്റ് സംഘടിപ്പിക്കുക. ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളെടുക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ശുദ്ധമായ പാചകവാതകം, ആവശ്യമായ ഇലക്ട്രിസിറ്റി വിതരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: