ബ്രെക്‌സിറ്റ് അയര്‍ലണ്ടിന്റെ സാമ്പത്തിക മാന്ദ്യം വേഗത്തിലാക്കിയേക്കുമെന്ന് മുന്നറിയിപ്പ് : യൂണിയന്‍ രാജ്യങ്ങള്‍ ജാഗ്രതയില്‍

ഡബ്ലിന്‍ : ഒക്ടോബറില്‍ യു.കെ യൂണിയന്‍ വിട്ടുപോകുന്നത് യൂറോപ്പില്‍ പ്രതിസന്ധി വര്‍ധിപ്പിച്ചേക്കുമെന്നു മുന്നറിയിപ്പ്. തെരേസമേയുടെ പിന്തുടര്‍ച്ചക്കാരായി എത്തുന്നവര്‍ കടുത്ത ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഐറിഷ് ഇക്കോണ്ണമിയെ ആയിരിക്കുമെന്നും വിലയിരുത്തല്‍. അയര്‍ലണ്ടിനെ കടുത്ത സാമ്പത്തിക മാന്ദ്യം പിടികൂടിയേക്കുമെന്ന ഐറിഷ് ട്രെഷറി മാനേജ്‌മെന്റിന്റെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ ബ്രെക്‌സിറ്റിനെ വളരെ ഗൗരവമായാണ് യൂണിയന്‍ രാജ്യങ്ങള്‍ നോക്കി കാണുന്നത്.

ബ്രെക്‌സിറ്റ് നടപ്പായാല്‍ യൂറോപ്പില്‍ വലിയ സാമ്പത്തിക അസ്ഥിരത ഉടലെടുക്കാനുള്ള സാധ്യത മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴായി യൂറോപ്പിലെയും, ആഗോള തലത്തിലുള്ള സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ബ്രെക്‌സിറ്റിനെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു യൂണിയന്റെ ധാരണ. അയര്‍ലണ്ടിനെ സംബന്ധിച്ചു 2 കാര്യങ്ങളാണ് നിര്‍ണ്ണായകം ; ഒന്ന് അയര്‍ലണ്ടിന്റെ കടബാധ്യത, മറ്റൊരു വശത്ത് ബ്രെക്‌സിറ്റ്. യു.കെ -അയര്‍ലന്‍ഡുമായുള്ള തന്ത്രപ്രധാനമായ പല കരാറുകളും ബ്രെക്‌സിറ്റോടെ ഇല്ലാതാകും. രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ സൂചനയായി ധനകാര്യ മന്ത്രിയുടെ മുന്‍വര്‍ഷങ്ങളിലെ പ്രഖ്യാപനം ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാകും.

അടുത്ത വര്‍ഷങ്ങളില്‍ കമ്മി ബഡ്ജറ്റ് ആയിരിക്കും അവതരിപ്പിക്കുക എന്നാണ് മന്ത്രി പാസ്‌ക്കല്‍ ഡോണോഹി പറഞ്ഞിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന സൂചന ലഭിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഖജനാവിലേക്ക് പണം തിരിച്ചെത്തിക്കാന്‍ ശേഷിയുള്ള വികസന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഐറിഷ് ബഡ്ജറ്റില്‍ അത്തരമൊരു മുന്നൊരുക്കങ്ങളും കാണാന്‍ കഴിയില്ല. നല്ല സേവനങ്ങള്‍ ലഭ്യമാക്കി വര്‍ഷത്തില്‍ ഖജനാവ് നിറയ്ക്കാനുള്ള പദ്ധതികളും വളരെ കുറവാണ്.

ഉദാഹരണമായി അയര്‍ലണ്ടില്‍ ഏറ്റവും മോശമായ അവസ്ഥയിലുള്ള ഒരു മേഖലയാണ് പൊതുജനാരോഗ്യം. ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കി, സര്‍വീസ് ഫീ പോലുള്ള സംവിധാനം ഏര്‍പെടുത്താവുന്നതാണ്. ആശുപത്രിയിലെത്തുന്ന രോഗികളുടെ വരുമാന പരിധി കണക്കായിയും ഫീ ഇനത്തില്‍ വര്‍ദ്ധനവ് വരുത്താം. പിന്നീട് ഈ മേഖല വളരുമ്പോള്‍ ഈ രീതി ഒഴിവാക്കിയുമെടുക്കാം. എന്നാല്‍ ഐറിഷ് എക്കണോമിയില്‍ ഇത്തരത്തിലുള്ള മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ കാണാറില്ല. മറിച്ച് പ്രതിസന്ധി രൂക്ഷമാകുബോള്‍ ജീവനക്കാരുടെ ശമ്പളം വന്‍ തോതില്‍ വെട്ടികുറയ്ക്കുകയാണ് പതിവ്.

വരുമാനത്തില്‍ നിന്നും പെട്ടന്ന് വലിയൊരു തുക മാറ്റേണ്ടി വരുന്ന സാഹചര്യം ഉടലെടുക്കുന്നു. അടുത്ത ബഡ്ജറ്റില്‍ ഹൗസിങ് മേഖലയ്ക്ക് പ്രാധാന്യം നല്‍കുമെന്നാണ് സൂചന. ഭവനമേഖലയില്‍ വന്‍ പ്രതിസന്ധിയാണ് അയര്‍ലാന്‍ഡ് നേരിടുന്നത്. ആഗോള തലത്തില്‍ ചൈന -യു എസ് വ്യാപാരയുദ്ധമാണ് മാന്ദ്യം അനിവാര്യമാക്കി തീര്‍ക്കുന്ന മറ്റൊരു ഘടകം. യൂറോപ്പില്‍ നിരവധി ബിസിനെസ്സ് സാമ്രാജ്യങ്ങളെ ഈ യുദ്ധം നേരിട്ട് ബാധിക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ യൂറോപ്പിലെ സാമ്പത്തിക രംഗത്തിനു അനുകൂലമല്ലെന്നാണ് നിഗമനം.

Share this news

Leave a Reply

%d bloggers like this: