Friday, December 13, 2019

ആഴക്കടലിലെ കയ്യാങ്കളി: ഫോര്‍മുസ് കടലിടുക്കില്‍ പ്രശ്‌നങ്ങള്‍ വഷളാകുന്നു; ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ജെറമി ഹണ്ട്…

Updated on 21-07-2019 at 8:30 am

ഇറാന്‍ പിടിച്ചെടുത്ത ഓയില്‍ ടാങ്കര്‍ സ്റ്റെന ഇംപെറോ ഉടന്‍ വിട്ടയയ്ക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ആവശ്യപ്പെട്ടു. ഗള്‍ഫ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ ടാങ്കര്‍ പിടിച്ചെടുത്തത്. ഇറാന്റെ നീക്കം ഹോര്‍മുസ് കടലിടുക്കിലെ ബ്രിട്ടീഷ്, അന്താരാഷ്ട്ര ഷിപ്പിംഗ് മേഖലയ്ക്ക് വെല്ലുവിളിയാണെന്നും സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റെന ഇംപെറോയുടെ പുതിയ വീഡിയോകള്‍ ഇറാന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ജെറമി ഹണ്ടിന്റെ പ്രതികരണം. അതേസമയം ടാങ്കര്‍ അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്‍ നടത്തുന്നത് അവസരവാദമാണെന്നാണ് ഹണ്ടിന്റെ ആരോപണം. ടാങ്കറില്‍ 23 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും ഇവരുമായി ബന്ധപ്പെടണമെന്നാണ് സ്റ്റെന ഇംപെറോയുടെ ഉടമസ്ഥരായ സ്റ്റെന ബള്‍ക്കിന്റെ ആവശ്യം.

ഗള്‍ഫ് കടലിടുക്കിലെ പ്രധാന കപ്പല്‍ മാര്‍ഗ്ഗത്തില്‍ വച്ചാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് വെള്ളിയാഴ്ച സ്റ്റെന ഇംപെറോ പിടികൂടിയത്. ഇതോടൊപ്പം സൗദി തുറമുഖമായ റാസ് തനുരയിലേക്ക് പോവുകയായിരുന്ന ലൈബീരിയന്‍ ഫ്ലാഗുള്ള ടാങ്കറും ഇവര്‍ പിടിച്ചെടുത്തിരുന്നു. ടാങ്കര്‍ പെട്ടന്ന് ഇറാനിയന്‍ തീരം ലക്ഷ്യമാക്കി വടക്കോട്ട് നീങ്ങിയതിനാല്‍ ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കപ്പലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, കപ്പല്‍ ഹ്രസ്വമായി തടഞ്ഞുവച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഔപചാരിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കപ്പലിന് യാത്ര തുടരാമെന്നും ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ സായുധരായ ഗാര്‍ഡുകള്‍ കയറിയെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചുവെന്ന് ഗ്ലാസ്ഗോ ആസ്ഥാനമായുള്ള ഓപ്പറേറ്റര്‍ ‘നോര്‍ബുള്‍ക്ക് ഷിപ്പിംഗ് യുകെ’ പിന്നീട് വ്യക്തമാക്കി.

എന്നാല്‍ സ്റ്റെന ഇംപീറോ ഇപ്പോഴും ഇറാന്റെ കസ്റ്റഡിയിലാണ്. കപ്പല്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് സ്റ്റെന ബള്‍ക്കും നോര്‍ത്തേണ്‍ മറൈന്‍ മാനേജ്‌മെന്റും പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ‘കപ്പല്‍ എല്ലാ നാവിഗേഷനും, അന്താരാഷ്ട്ര നിയമങ്ങളും പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന്’ കമ്പനി അറിയിച്ചു. ഇന്ത്യന്‍, റഷ്യന്‍, ലാത്വിയന്‍, ഫിലിപ്പിനോ സ്വദേശികളായ 23 പേരാണ് കപ്പലിലുള്ളതെന്ന് സ്റ്റെന ബള്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് എറിക് ഹാനെല്‍ പറഞ്ഞു.

പ്രശ്നം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ജെറമി ഹണ്ട് പറഞ്ഞത്. എന്നാല്‍ സൈനിക നടപടിയല്ല, നയതന്ത്ര മാര്‍ഗ്ഗങ്ങളാണ് നോക്കുന്നതെന്നും, എന്നാല്‍ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഹണ്ട്, പ്രദേശത്തെ നാവിഗേഷന്‍ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, എല്ലാ കപ്പലുകള്‍ക്കും ഹോര്‍മുസിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ കഴിയണമെന്നും പറഞ്ഞു. സംഭവങ്ങളെക്കുറിച്ച് യു.എസ് ബ്രിട്ടനുമായി സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രംപ് വ്യക്തമാക്കി.

comments


 

Other news in this section