Saturday, August 15, 2020

അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് മുഖ്യ പ്രതികളില്‍ ഒരാളുടെ വെളിപ്പെടുത്തല്‍ : ഞെട്ടലോടെ ലോക രാജ്യങ്ങള്‍

Updated on 30-07-2019 at 8:52 am

Share this news

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ 2001എല്‍ നടന്ന വേര്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതികളില്‍ ഒരാള്‍ വ്യക്തമാക്കി. പ്രതികളില്‍ ഒരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയാലേ കാര്യങ്ങള്‍ തുറന്നു പറയുകയുള്ളൂവെന്നും ഇയാള്‍ വ്യക്തമാക്കി. നഷ്ടപരിഹാരം തേടുന്ന വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ വെള്ളിയാഴ്ച വൈകി മാന്‍ഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് മുഹമ്മദിന്റെ വാഗ്ദാനമുള്ളത്.

2001 ലെ ആക്രമണത്തില്‍ പങ്കുണ്ടെന്ന വാദം സൗദി സര്‍ക്കാര്‍ അന്നു മുതലേ നിഷേധിച്ചിരുന്നു. വിദേശീയരായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഖ്വായിദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപിച്ചത്. 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്.

വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദി സര്‍ക്കാരിന്റെ അഭിഭാഷകന്‍ മൈക്കല്‍ കെല്ലോഗ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. കത്തിനെക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കത്തില്‍ പറയുന്നതനുസരിച്ച്, ഫെഡറല്‍ കസ്റ്റഡിയിലുള്ള അഞ്ച് സാക്ഷികള്‍ക്കായി വാദികളുടെ അഭിഭാഷകര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ക്യൂബയിലെ തടങ്കല്‍പ്പാളയമായ ഗ്വാണ്ടനാമോ ബേയിലാണ് മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രണ്ടുപേര്‍ കൊളറാഡോയിലെ ഫ്‌ലോറന്‍സിലുള്ള സൂപ്പര്‍മാക്‌സ് ജയിലിലാണെന്നും അഭിഭാഷകര്‍ പറഞ്ഞു.

സത്യവാങ്മൂലം നല്‍കാന്‍ മുഹമ്മദ് ഇപ്പോള്‍ സമ്മതിച്ചെന്നുവരില്ല, പക്ഷെ ആ സ്ഥിതി മാറിയേക്കാം എന്ന് കത്തില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകള്‍ക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് 2016-ല്‍ പാസ്സാക്കിയിരുന്നു. അമേരിക്കന്‍ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും വന്‍ ഭൂരിപക്ഷത്തോടെയാണ് ‘ജസ്റ്റിസ് എഗന്‍സ്റ്റ് സ്പോണ്‍സേഴസ് ഓഫ് ടെററിസം ആക്റ്റ്’ (ജസ്റ്റ) എന്ന നിയമം പാസാക്കിയത്.

അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും എതിര്‍പ്പുകളെ മറികടന്നുകൊണ്ടായിരുന്നു അത്. ഒബാമ ആ നിയമത്തെ വീറ്റോ ചെയ്യുകയും ചെയ്തിരിരുന്നു. അറബ് ലോകത്തെ അമേരിക്കയുടെ ദീര്‍ഘ കാല സഖ്യരാഷ്ട്രങ്ങങ്ങളിലൊന്നാണ് സൗദി അറേബ്യ. പ്രതികളില്‍ നിന്നും ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ സൗദിക്കെതിരെ ശക്തമായ നീക്കം അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകാനാണ് സാധ്യത.

comments


 

Other news in this section
WhatsApp chat