Friday, September 25, 2020

പ്രളയം കേരളത്തില്‍ തുടര്‍കഥയാകുമ്പോള്‍……..

Updated on 13-08-2019 at 10:19 am

Share this news

പേമാരിയും, വര്‍ഷപാതവും കൊണ്ട് പൊറുതിമുട്ടി നാടുവിട്ട് കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാനക്കാരെ കാണുമ്പോഴായിരുന്നു ഒരു കാലത്ത് മലയാളികള്‍ പ്രളയം, വെള്ളപൊക്കം എന്നൊക്കെയുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ വീട് തോറും എത്തുന്ന ഇത്തരം ആളുകള്‍ ആവശ്യപ്പെടാറുള്ളത് വസ്ത്രങ്ങളും, ഭക്ഷ്യവസ്തുക്കളും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളവും വെള്ളപ്പൊക്കത്തെ മുഖാമുഖം കാണുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് അതിന്റെ തീവ്രത മലയാളക്കര ഏറ്റവും കൂടുതല്‍ അറിഞ്ഞത്.

എന്നാല്‍ ഇ വര്‍ഷവും നമ്മള്‍ അത് നേരിടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് അവര്‍ത്തിക്കപ്പെട്ടാല്‍ ഒരുപക്ഷെ വാസയോഗ്യമല്ലാത്ത ഒരു ഭൂപ്രദേശമായി കേരളം മാറിയേക്കാമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. മഴയുടെ അളവ് കൂടി എന്നാണ് ഭരണസിരാകേന്ദ്രങ്ങളുടെ ഈ പ്രതിഭാസത്തിനുള്ള ഉത്തരം. വെറും മഴവെള്ളം നദികളിലും, കടലിലും നിറഞ്ഞു കവിഞ്ഞ് ഒഴുകുക മാത്രമല്ല, ഉയര്‍ന്ന ജനവാസകേന്ദ്രങ്ങള്‍ മണ്ണിടിഞ്ഞ് ഇല്ലാതാകുന്നു. അത്തരമൊരു കാഴ്ചകൂടിയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ വായനാടിനെയും, മലപ്പുറത്തെയുമാണ് മണ്ണിടിച്ചില്‍ കാര്യമായി ബാധിച്ചിരിക്കുന്നത്. മലയോര മേഖലയായ ഇടുക്കിയില്‍ ഇത് വന്‍തോതില്‍ ഉണ്ടായില്ല എന്നതുകൊണ്ട് ഇപ്പോള്‍ സംഭവിച്ചതിനേക്കാള്‍ വലിയ ദുരന്ത ഉണ്ടായില്ല എന്ന് മാത്രം. ഇത്തവണ മഴ സംഹാര താണ്ഡവമാടിയ നിലമ്പൂരില്‍ മണ്ണിടിച്ചിലും, പ്രളയവും ഇതിനു മുന്‍പ് ഈ പ്രദേശത്ത് കേട്ടുകേള്‍വി പോലും ഇല്ലെന്നാണ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ പറയുന്നത്. നിന്നനിലപ്പില്‍ മണ്ണിനടിയില്‍ അകപെട്ടവരുടെ മാത്രം ഒരു ശ്മശാന ഭൂമിയാണ് ഇപ്പോള്‍ കൊവളപ്പാറ എന്ന പ്രദേശം.

രക്ഷപ്പെട്ടവര്‍ വളരെ കുറച്ച് മാത്രം. അപകടം നടന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിയാതിരുന്നതും മരണ സംഖ്യ കൂട്ടി. വായനാട്ടിലെ പുത്തുമലയിലും ഇതേ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. ഇവിടെ മണ്ണ് സംരക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉരുള്‍ പൊട്ടല്ല സംഭവിച്ചിരിക്കുന്നത് ; മറിച്ച് മണ്ണിടിച്ചിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ഭാഗങ്ങളിലെ ഭൂപ്രകൃതി നിലനിര്‍ത്താനുള്ള നടപടികള്‍ വേണമെന്നും ആവശ്യപെടുന്നുണ്ട്.

രണ്ടു ദിവസങ്ങളിലെ ശക്തമായ മഴയില്‍ ഏകദേശം 85 ഓളം ജീവനുകള്‍ ആണ് പൊലിഞ്ഞത്. പശ്ചിമഘട്ടത്തെ കുറിച്ച് പഠിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകള്‍ അനുസരിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് കേരളത്തില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന മണ്‍സൂണ്‍ ദുരന്തങ്ങളുടെ കാരണം വന്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയതാണെന്ന് കഴിഞ്ഞ ദിവസം മാധവ് ഗാഡ്ഗില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷവും നിരവധി സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലിന് കാരണം ക്വാറികള്‍ തന്നെയാണെന്ന ആരോപണം ശക്തമായിരുന്നു. നിരവധി ക്വാറി മുതലാളിമാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിലെ പരിസ്ഥിതിനിയമങ്ങള്‍ ശക്തമാക്കാത്തതെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഇതിന്റെ എല്ലാം നഷ്ടം അനുഭവിക്കേണ്ടി വരുന്നത് കേരളത്തിലെ സാധാരണകരയായ ആളുകളും. കേരളത്തിന്റെ പരിസ്ഥിതി നിലനിര്‍ത്തണമെങ്കില്‍ കരയിലും, കടലിലും ശക്തമായ നിയമ നിര്‍മ്മാണം തന്നെ വേണ്ടിവരും.

നിലവില്‍ ഭൂപ്രകൃതിയിക്ക് സംഭവിച്ചിരിക്കുന്ന തകരാറുകള്‍ കണ്ടെത്തി ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ വൈരം ലക്ഷ്യം വെച്ചുകൊണ്ടുമാത്രമായുള്ള ചില കയ്യേറ്റങ്ങളാണ് കേരളത്തില്‍ വാര്‍ത്ത പ്രാധാന്യം നേടാറുള്ളത്. എന്നാല്‍ ജലാശയങ്ങളിലെ ബഫര്‍ സോണുകളില്‍ എത്രയോ കെട്ടിടങ്ങള്‍ ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിന്റെ അതെ ഭൂപ്രകൃതിയുള്ള സ്ഥലങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ അവിടെയെല്ലാം പരിസ്ഥിതി നിയമങ്ങളും ശക്തമാണ്. കേരളത്തില്‍ വികസനം നടപ്പാക്കാന്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുന്ന ഇവിടുത്തെ ജനപ്രതിനിധികള്‍ അവിടെ നഗരകാഴ്ചകള്‍ കണ്ടു മടങ്ങുന്നതല്ലാതെ പുറം രാജ്യങ്ങളില്‍ ഉള്ള മാതൃകാപരമായ ഒരു നിയമമോ, സാങ്കേതികതയോ ഇവിടെ നടപ്പാക്കാറില്ല. ദുരന്തം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

comments


 

Other news in this section
WhatsApp chat