Friday, January 24, 2020

സമസ്ത മേഖലകളിലും മാന്ദ്യം ; പ്രധാനമന്ത്രിയുടെ 5 ട്രില്യണ്‍ സാമ്പത്തിക വ്യവസ്ഥ നടപ്പാകാന്‍ സാധ്യത കുറവെന്ന് വിദഗ്ധര്‍

Updated on 16-08-2019 at 8:50 am

Share this news

ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുന്നോട്ടുവെച്ച ആശയമായിരുന്നു 2024-ല്‍ കാലവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകുമെന്നത്. ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ 2.8 ട്രില്ല്യണിന്റതാണെന്നാണ് കണക്കാക്കുന്നത്. 2024 സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്താന്‍ പ്രതിവര്‍ഷം 12 ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. എന്നാല്‍ അത് സാധ്യമാക്കാന്‍ സാധ്യത കുറവെന്ന് വിദഗ്ധര്‍

ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 5.8 ശതമാനം ആയിരുന്നു. ഇതിന് പുറമെയാണ് സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകളിലുമുള്ള തളര്‍ച്ച. 2018 -19 ല്‍ ജിഡിപി വളര്‍ച്ച 6.8 ശതമാനമായിരുന്നു. വിവിധ മേഖലകളില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നാണ്. ഉപഭോക്തൃ മേഖലയിലെ ചലനങ്ങളാണ് ഒരു സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയെ നിര്‍ണയിക്കുന്നത്.

ഓട്ടോമൊബൈല്‍ മേഖല കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ 2.30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം ഇല്ലാതായെന്നാണ് കണക്കാക്കുന്നത്. ഒമ്പത് മാസം തുടര്‍ച്ചയായി വാഹന വില്‍പ്പന ഇന്ത്യയില്‍ കുറയുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴസ് കണക്കുപ്രകാരം ജൂലൈ മാസത്തില്‍ കാര്‍ വില്‍പനയില്‍ 30.9 ശതമാനത്തിന്റെ കുറവാണുണ്ടായത്.

ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ മോട്ടോര്‍ സൈക്കിളിന്റെയും സ്‌കൂട്ടറുകളുടെയും വില്‍പനയില്‍ 16.8 ശതമാനത്തിന്റെ കുറവാണുണ്ടായത്. യാത്രാവാഹനങ്ങളുടെ ഉത്പാദനത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായത്. വാഹനങ്ങളുടെ 300 ഡീലര്‍മാരെങ്കിലും പ്രവര്‍ത്തനം അവസാനപ്പിച്ചതായാണ് വ്യവസായ മേഖലതന്നെ പുറത്തുവിടുന്ന കണക്ക്.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ സൂചകമായാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ കാണുന്നത്. മറ്റ് പല ഉത്പാദനമേഖലകളുമായി ഇത് ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നത് കൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയില്‍ ഇതിന്റെ പ്രാധാന്യം വലുതാണ്. ഇഷ്ടിക, സിമന്റ്, ഇരുമ്പ്, പെയിന്റ്, ഇലക്ട്രിക്കല്‍ തുടങ്ങിയ വ്യവസായങ്ങള്‍ ഇതുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് റിസര്‍ച്ച് കമ്പനിയായ ലെയ്സാസ് ഫോറാസിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട 30 നഗരങ്ങളില്‍ 12.8 ലക്ഷത്തോളം വീടുകളോ ഫ്ളാറ്റുകളോ വില്‍ക്കപ്പെടാതെ കിടക്കുകയാണ്. അതായത് നിര്‍മ്മിച്ചിടുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ല. ഇത് തുടര്‍നിര്‍മ്മാണങ്ങളെ ബാധിക്കുകയും നേരത്തെ സൂചിപ്പിച്ച മറ്റ് മേഖലകളെക്കൂടി മാന്ദ്യത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ് എം സി ജി) വിഭാഗത്തിലും മാന്ദ്യത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണമേഖലയില്‍നിന്നുള്ള വര്‍ധിച്ച ഡിമാന്റായിരുന്നു കഴിഞ്ഞകാലങ്ങളില്‍ ഈ മേഖലയെ വളര്‍ച്ചയുടെ പാതയില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. നഗര പ്രദേശങ്ങളിലേക്കാല്‍ ഒന്നര ഇരട്ടി ഡിമാന്റ് ഈ ഉത്പന്നങ്ങള്‍ക്ക് ഗ്രാമീണ മേഖലകളില്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഗണ്യമായ കുറവുണ്ടായി.

ഗ്രാമീണ മേഖലയില്‍ വിനിമയം ചെയ്യപ്പെടുന്ന പണത്തിന്റെ അളവില്‍ കുറവു വന്നതാണ് കാരണം. കാര്‍ഷിക മേഖലയിലടക്കം പ്രതിസന്ധി ഇതിന് കാരണമായെന്ന വേണം കുരുതാന്‍. ഈ മേഖലയിലെ പ്രധാന കമ്പനിയായ ഹിന്ദുസ്ഥാന്‍ ലിവര്‍ കോര്‍പ്പറേഷന്റെ വളര്‍ച്ച 5.5 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇത് 12 ശതമാനമായിരുന്നു. അതുപോലെ ഡാബറിന്റെ വളര്‍ച്ച 21 ല്‍ നിന്ന് ആറ് ശതമാനമായാണ് ചുരുങ്ങിയത്. ബ്രിട്ടാനിയയുടെ വളര്‍ച്ച 12 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും ചുരുങ്ങി.

ഇങ്ങനെ വിവിധ മേഖലകളില്‍ ഡിമാന്റ് കുറയുമ്പോള്‍ സര്‍ക്കാര്‍ ചിലവ് വര്‍ധിപ്പിച്ചാണ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാറ്. എന്നാല്‍ ഈ മേഖലയിലും അനുകൂല കണക്കുകളല്ല ലഭിക്കുന്നത്. മൂലധന ചിലവില്‍ 30 ശതമാനത്തിന്റെ കുറവാണ് ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തില്‍ 1231 മാനുഫാക്ചറിംങ് കമ്പനികളില്‍ 31.6 ശതമാനം കമ്പനികള്‍ മാത്രമാണ് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നത്.

സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍, ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ 5 ട്രില്യണ്‍ സാമ്പത്തിക വളര്‍ച്ച നടപ്പാക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

comments


 

Other news in this section