Wednesday, May 27, 2020

വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് 572 മില്യണ്‍ ഡോളര്‍ പിഴ

Updated on 27-08-2019 at 9:03 am

Share this news

ഒക്ലഹോമ: മയക്കുമരുന്ന് അടങ്ങിയ വേദനസംഹാരികള്‍ വ്യാപകമായി വിപണിയിലെത്തിച്ചെന്ന ആരോപണത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്ന രംഗത്തെ ആഗോള ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ തുക പിഴ.
572 മില്ല്യണ്‍ ഡോളറാണ് ( ഏകദേശം 4,119 കോടി രൂപ) അമേരിക്കന്‍ കോടതി പിഴ ചുമത്തിയത്. തെറ്റായതും അപകടകരവുമായതുമായ കാമ്പെയ്ന്‍ നടത്തി അമേരിക്കന്‍ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റിയെന്നും, മരുന്ന് ഉപയോഗം ആളകളില്‍ മരണത്തിനു കാരണമാവുകയും ചെയ്തുവെന്നും ഒക്ലഹോമ കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

മരുന്നുല്‍പ്പാദനരംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധിയിലൂടെയാണ് ഒകല്‍ഹോമ കോടതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ചരിത്രത്തിലെ വലിയ പിഴകളില്‍ ഒന്ന് ചുമത്തിയത്. മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ സുരക്ഷയെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, അമിതമായ പരസ്യങ്ങളിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതു വിപത്തായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ജോണ്‍സണു പുറമേ നിരവധി കമ്പനികളും വിതരണക്കാരും, ഫാര്‍മസി ശൃംഖലകളും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ കേസുകള്‍ നേരിടുന്നുണ്ട്. അവര്‍ക്കും കൂടെയുള്ള കനത്ത തിരിച്ചടിയാണ് ഈ വിധി. ഈ സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ നീക്കം.അമേരിക്കയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന പ്രിസ്‌ക്രിപ്ക്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിറ്റഴിച്ച മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ ഫലമായി പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതായും, അത് 2000 മുതല്‍ ഒക്ലഹോമയില്‍ മാത്രം 6,000 പേരുടെ മരണത്തിനു കാരണമായതായും ഒക്ലഹോമയുടെ അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ പറഞ്ഞു. മരുന്നുകളിലെ മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 99നും 2017നും ഇടയില്‍ നാലുലക്ഷത്തോളം മരണങ്ങള്‍ സംഭവിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാദം.

എന്നാല്‍ വിധിന്യായത്തില്‍ പിഴവുകളുണ്ടെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ അഭിഭാഷകരിലൊരാളായ സഫ്രീന സ്‌ട്രോംഗ് പറഞ്ഞു. ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ അംഗീകരിച്ച മരുന്നുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളതെന്നും അതിനെ ഒക്ലഹോമയിലെ മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. മയക്കുമരുന്നിന്റെ ദുരന്തഫലം അനുഭവിക്കുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് സഹതാപമുണ്ട്. എന്നാല്‍ ഒക്ലഹോമയിലടക്കം ഈ രാജ്യത്തെവിടെയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒരു ഒപിയോയിഡ് പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല- സ്‌ട്രോംഗ് കൂട്ടിച്ചേര്‍ത്തു.

comments


 

Other news in this section
WhatsApp chat