Sunday, January 19, 2020

ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍? ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്

Updated on 09-09-2019 at 8:18 am

Share this news

ന്യൂഡല്‍ഹി: ഇന്ത്യയുടെ കണ്ണിലെ കരടായ, ജെയ്ഷെ മുഹമ്മദ് തലവനായ കൊടുംഭീകരന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും പാകിസ്ഥാന്‍ വന്‍ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവരഹസ്യമായി അസറിനെ ജയില്‍ മോചിതനാക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ -പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വന്‍ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്. അസ്ഹറിനെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞമാസം പാര്‍ലമെന്റ് പാസാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു.

മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണു പട്ടികയിലുള്ളത്. മസൂദ് അസ്ഹറിന്റെ പേരില്‍ അഞ്ച് ഭീകരാക്രമണ കേസുകളാണു നിലനില്‍ക്കുന്നത്. മസൂദ് അസറിന്റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് 2001-ല്‍ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയത്. അതേ ജയ്ഷാണ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ . പുല്‍വാമയില്‍ കാര്‍ ഇടിച്ചു കയറ്റി ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ കൊല്ലപ്പെട്ടത് 40 ജവാന്‍മാരാണ്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎന്‍ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു.

1994-ല്‍ കശ്മീരിനെ അനന്ത് നാഗില്‍ നിന്ന് മസൂദ് അസര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം ഖാണ്ഡഹാറില്‍ റാഞ്ചിയ ഭീകരര്‍ പകരം ആവശ്യപ്പെട്ടത് അസര്‍ അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു. അന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ആ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വന്നു. പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തില്‍ അസ്ഹറിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

comments


 

Other news in this section