Tuesday, August 11, 2020

Archive

 1. റനച്ച് മുറെയുടെ നിഗൂഢ മരണത്തിന് 20 വര്‍ഷം; അയര്‍ലണ്ടിലെ ഏറ്റവും സങ്കീര്‍ണ്ണമായ കേസന്വേഷണത്തിന്റെ പിന്നാമ്പുറം

  Leave a Comment

  ഡബ്ലിന്‍: രാജ്യാന്തര ശ്രദ്ധ നേടിയ കൊലപാതകമായിരുന്നു റനച്ച് മുറെ എന്ന പതിനേഴുകാരിയുടേത്. കൊല നടന്ന് 20 വര്‍ഷം കഴിഞ്ഞിട്ടും ഒരാളെപ്പോലും പ്രതിസ്ഥാനത്തു ചൂണ്ടിക്കാണിക്കാനാവാതെ ഐറിഷ് പൊലീസ് സേന രാജ്യാന്തര സമൂഹത്തിനു മുന്നില്‍ നാണം കെട്ടു. റനച്ച് മുറെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 3400 പേരെയാണു പൊലീസ് ചോദ്യം ചെയ്തത്. ഇരുന്നൂറോളം പേരെ പ്രതിസ്ഥാനത്തു നിര്‍ത്തി ആരംഭിച്ച കേസില്‍ 3400 പേരെ ചോദ്യം ചെയ്തുവെന്നത് ലോകചരിത്രത്തില്‍ തന്നെ പ്രത്യേകതയുള്ളതായി മാറി.

  അയ്യായിരത്തോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലികളാണു പൊലീസ് തയാറാക്കിയത്. സംശയത്തിന്റെ പേരില്‍ 14 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പലരും നിരപരാധികളാണെന്നു കാലം തെളിയിച്ചു. കൊലയാളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസും റനച്ച് മുറെയുടെ കുടുംബവും പലപ്പോഴായി പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും 2019 സെപ്റ്റംബര്‍ നാലിന് 20 വര്‍ഷം തികഞ്ഞ കേസില്‍ െകാലയാളി ഇന്നും മറവിലാണ്.

  സെപ്റ്റംബര്‍ 4, 2019: റനച്ച് മുറെയുടെ മരണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ പിതാവ് ജിം മുറെയുടെ ഹൃദയ വിലാപമാണ് കേസില്‍ വീണ്ടും രാജ്യാന്തര ശ്രദ്ധ പതിയാന്‍ കാരണം. ‘സുന്ദരിയും നിഷ്‌കളങ്കയുമായ പെണ്‍കുട്ടിയായിരുന്നു റനച്ച് മുറേ. ഓടിക്കളിച്ച വഴികളില്‍ ആരും സഹായിക്കാനില്ലാതെ, ആരും അറിയാതെ, ചോര വാര്‍ന്നു മരിക്കുകയായിരുന്നു എന്റെ പൊന്നോമന’- ഹൃദയ നൊമ്പരത്തോടെ ജിം മുറെ പറഞ്ഞു.

  20 വര്‍ഷം പിന്നിട്ടിട്ടും റനച്ചിന്റെ ഘാതകന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുകയാണ്. കുറ്റാന്വേഷകര്‍ പഴുതടച്ച് കാര്യക്ഷമമായി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എന്റെ മകളുടെ മരണത്തെയും ഓര്‍മകളെയും പരിഹസിക്കുകയാണ് അയാള്‍. ഇനിയെങ്കിലും ഞങ്ങളോടു നീതി കാണിക്കൂ. മറനീക്കി നിങ്ങള്‍ പുറത്തു വരൂ. നിങ്ങള്‍ ചെയ്ത കാര്യം ലോകത്തോടു സമ്മതിക്കൂ. ഞങ്ങളെയെങ്കിലും സമാധാനത്തില്‍ വിട്ടയയ്ക്കൂ’- ജിം മുറെ പ്രസ്താവനയില്‍ പറഞ്ഞു.

  സെപ്റ്റംബര്‍ 3, 1999: രാത്രി 11.20. സ്ഥലം ഡബ്ലിനില്‍ ഗ്ലെനഗേറിയിലുള്ള സില്‍ചെസ്റ്റര്‍ ക്രസന്റ്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍, വീട്ടില്‍നിന്ന് 15 മിനിറ്റ് മാത്രം നടന്നാല്‍ എത്താവുന്ന പബ്ബില്‍ എത്തിയതായിരുന്നു റനച്ച് മുറെ. കൂട്ടുകാരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണു കൊല്ലപ്പെട്ടത്. രാത്രി 11.20 നാണ് പബ്ബില്‍നിന്ന് റനച്ച് ഇറങ്ങിയതെന്നതിന് ഇവിടെനിന്നു െപാലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ തെളിവ്. രാത്രി 11.30 ന് റനച്ചിനു കുത്തേറ്റു. കൊലയാളി അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കറിക്കത്തികൊണ്ടു കുത്തുകയായിരുന്നു.

  ചെറുതും വലുതുമായ 30 മുറിവുകള്‍ ശരീരത്തിലുണ്ടായി. അസാധാരണവും ആഴത്തിലുള്ളതുമായ നാലു മുറിവുകളാണ് മരണം വേഗത്തിലാക്കിയത്. വസ്ത്രങ്ങള്‍ ആക്രമണത്തില്‍ മുറിഞ്ഞു തൂങ്ങിയത് ലൈംഗിക ആക്രമണത്തിനിടയിലുള്ള െകാലപാതകം എന്ന സാധ്യതയിലേക്കു വിരല്‍ ചൂണ്ടിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അങ്ങനെയൊരു സൂചന നല്‍കിയില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് സെപ്റ്റംബര്‍ നാലിനു പുലര്‍ച്ചെ 12.33 നു വീടിനു 500 വാര അകലെ സഹോദരി റനച്ചിന്റെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് മുറുകെ പിടിച്ച നിലയിലായിരുന്നു. മോഷണശ്രമം എന്ന സാധ്യതയിലുള്ള അന്വേഷണവും ഏറെ നീണ്ടു പോയില്ല.

  റനച്ചിന്റെ നിലവിളി കേട്ട പലരും ആ പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍ െകാലയാളിയിലേക്കു വെളിച്ചം വീശുന്ന ഒന്നും കിട്ടിയില്ല. വസ്തുതകള്‍ ബോധപൂര്‍വം ചിലര്‍ മറച്ചു പിടിച്ചുവെന്ന് ആരോപിച്ചു മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആരെയോ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നതായി െപാലീസ് സംശയിച്ചു.

  ഐറിഷ് ചരിത്രത്തില്‍ തന്നെ ഇത്രയും വലിയൊരു തിരച്ചില്‍ ആദ്യമായാണ്. 3400 പേരെ ചോദ്യം ചെയ്യുക എന്ന അസാധാരണ നടപടി പൂര്‍ത്തിയാക്കിയിട്ടും ആള്‍പാര്‍പ്പുള്ള സ്ഥലത്തു നടന്ന കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടി അവസാനിപ്പിക്കേണ്ടി വരുന്നത് നീതിനിഷേധമാകുമെന്നു െപാലീസിനു തന്നെ ബോധ്യമുണ്ട്.

  കേസിന്റെ പല ഘട്ടത്തിലും പ്രതിസ്ഥാനത്തു പല പേരുകള്‍ ഉയര്‍ന്നു വന്നു. അതില്‍ പ്രധാനിയാണ് സൊമാലിയന്‍ വേരുകളുള്ള ഫറ നൂര്‍. 2005 ല്‍ ഫറ നൂര്‍ കൊല്ലപ്പെട്ടതോടെ കേസ് അന്വേഷണത്തെ കുറിച്ച് രാജ്യാന്തര സമൂഹം പല സംശയങ്ങളും ഉയര്‍ത്തി. സിസേഴ്‌സ് സഹോദരിമാര്‍ എന്ന പേരില്‍ അയര്‍ലന്‍ഡ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഡബ്ലിന്‍ സ്വദേശികളായ ലിന്‍ഡ, ഷാര്‍ലെറ്റ് എന്നിവരായിരുന്നു ഫറ നൂറിനെ കൊന്ന് ഡബ്ലിനിലെ റോയല്‍ കനാലില്‍ എറിഞ്ഞത്. അമ്മയുടെ കാമുകനായിരുന്ന ഫറയെ വഴക്കിനെ തുടര്‍ന്ന് കറിക്കത്തികൊണ്ടു കുത്തിയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും െകാല്ലുകയായിരുന്നു.

  ലിംഗവും ശിരസ്സും വെട്ടിമാറ്റി ബാക്കി ഭാഗങ്ങളാണ് കനാലില്‍ ഒഴുക്കിയത്. സോക്‌സ് മാത്രം ധരിച്ച ഒരു കാല്‍ കനാലിലൂടെ ഒഴുകി വരുന്ന ചിത്രം പിറ്റേദിവസം ഇറങ്ങിയ ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിച്ചിരുന്നു. കേസില്‍ പിടിയിലായ സഹോദരിമാര്‍, റനച്ച് മുറെയെ കൊന്നത് ഫറയാണെന്നു തങ്ങളോടു പറഞ്ഞതായി അവകാശവാദം ഉന്നയിച്ചതോടെ പൊലീസിനു സമ്മര്‍ദമേറി. സിസേഴ്‌സ് സിസ്റ്റേഴ്‌സ് എന്ന പ്രസിദ്ധമായ പുസ്തകത്തിലും ഇവരുടെ ഈ വാദം ഉള്‍കൊള്ളിച്ചിരുന്നു. എന്നാല്‍ നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫറ നൂറിനു കേസുമായി ബന്ധമില്ലെന്നു തെളിഞ്ഞു.

  അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ക്രിസ്റ്റി മന്‍ഗാന്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി ഒരു ഡിറ്റക്ടീവിനെ യുഎസിലേക്ക് അയച്ചിരുന്നു. റനച്ചുമായി ഏറെ പരിചയമുള്ള സ്ത്രീയാണു കൊലയ്ക്കു പിന്നിലെന്നായിരുന്നു വിദഗ്ധര്‍ ക്രിസ്റ്റിയെ ഉപദേശിച്ചത്. റനച്ചിന്റെ പ്രായമുള്ള ഒരാളാകും കൊലയാളിയെന്നാണു പൊലീസ് കണക്കുകൂട്ടുന്നത്. 2012 ഓഗസ്റ്റില്‍ ഡബ്ലിനില്‍ െകാല ചെയ്യപ്പെട്ട ചൈല്‍ഡ് വര്‍ക്കര്‍ എലന്‍ ഒ ഹാരയുടെ െകാലയുമായി റനച്ചിന്റെ കൊലയ്ക്ക് ഏറെ സാമ്യം ഉളളതിനാല്‍ എലന്റെ െകാലയാളി ഗ്രഹാം ഡയറെ സംശയിച്ചുവെങ്കിലും അന്വേഷണം വഴിമുട്ടി. കൊലയാളിയുമായി ഇരയ്ക്ക് ഏറെ നാളത്തെ പരിചയം ഉണ്ടെന്നും കുത്തുന്നതിനു മുന്‍പ് കൊലയാളി കുറച്ചു സമയം റനച്ചുമായി സംസാരിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

  അന്വേഷിക്കുംതോറും കുരുക്കു മുറുകുകയും അസാധാരണമായി പേടിപ്പെടുത്തുകയും ചെയ്യുന്ന കേസ് എന്നാണ് റനച്ച് മുറെയുടെ കൊലപാതകത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. ‘പൊതുവീഥിയില്‍ പതിനേഴു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടി െകാല്ലപ്പെടുക, ആര്‍ക്കും പിടികൊടുക്കാതെ കൊലയാളി ഇരുപതോളം വര്‍ഷം മറഞ്ഞിരിക്കുക. അസാധാരണങ്ങളില്‍ അസാധാരണമാണിത്’- മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അലന്‍ ബെയ്ലി പറയുന്നു.

  റനച്ച് മുറെ കൊപ്പെട്ടതിന്റെ 20ാം വര്‍ഷത്തിലും പ്രതിസ്ഥാനത്തു പല പേരുകളും ഉയരുന്നുണ്ട്. സാക്ഷിപ്പട്ടികയില്‍ പല പേരുകളും പുതുതായി ചേരുന്നു. ‘ഒരു തെളിവും ബാക്കി വയ്ക്കാതെ, ഒരു സൂചന പോലും നല്‍കാതെ ഇരുപതു വര്‍ഷം ആര്‍ക്കാണ് ഇങ്ങനെ മറഞ്ഞിരിക്കാന്‍ സാധിക്കുക. അങ്ങനെ ഈ ഭാരവും പേറി ഒരാള്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതു തന്നെയാകും അയാള്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ’ – അലന്‍ ബെയ്ലി പറയുന്നു.

WhatsApp chat