സൗദിയിലെ അരാംകോ പ്ലാന്റുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം; എണ്ണവില റെക്കോര്‍ഡ് ഭേദിച്ചേക്കുമെന്ന് വിലയിരുത്തല്‍

റിയാദ് : അരാംകോ എണ്ണ സംസ്‌കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ എണ്ണ ഉല്‍പാദനം പകുതിയായി കുറഞ്ഞു. 57 ലക്ഷം വീപ്പ എണ്ണ ഉല്‍പ്പാദനം നിര്‍ത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു. അത് അന്താരാഷ്ട്ര എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എണ്ണ വില അഞ്ച് മുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു. ആക്രമണമുണ്ടായ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റുകളില്‍ നിന്നുള്ള എണ്ണ ഉത്പാദനമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ സൗദി അറേബ്യയുടെ വിലയിരുത്തലുകള്‍ക്കായി ഞങ്ങള്‍ കാതോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ട്രംപുമായി ഫോണില്‍ സംസാരിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഭീകരാക്രമണങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ സൗദിക്ക് കഴിയുമെന്ന് അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന് തിങ്കളാഴ്ച ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

അതിനിടെ, ആവശ്യമെങ്കില്‍ യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ അനുമതി നല്‍കിയതായും, ആഗോള എണ്ണ വിതരണം സുഗമമാക്കുന്നതിനായി എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് പറഞ്ഞു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നും അതേസമയം ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ യെമനിലെ ഹൂതികളാണ് എന്ന് വിശ്വസിക്കാന്‍ തെളിവുകളില്ലെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസും സൌദിയും ആരോപിക്കുന്നത്. എന്നാല്‍, ആരോപണം ഇറാന്‍ തള്ളി.

Share this news

Leave a Reply

%d bloggers like this: