ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി നീക്കുപോക്കില്ല;ട്രംപിന് മറുപടി നല്‍കി ബോറിസ് ജോണ്‍സണ്‍

ലണ്ടണ്‍ : ഡിസംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട യാതൊരു സാഹചര്യങ്ങളൊന്നുമില്ലെന്നാണ് ടോറികള്‍ കരുതുന്നത് എന്നും ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജോണ്‍സണ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു സഖ്യം ഉണ്ടാകുന്നത് ടോറികളെക്കാള്‍ പ്രയോജനപ്പെടുക ലേബറിന് ആയിരിക്കുമെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

ബ്രെക്‌സിറ്റ് തീയതി 2020 ജനുവരി 31 ലേക്ക് നീട്ടിനല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. അതോടെയാണ് ബ്രിട്ടണില്‍ ഡിസംബര്‍ 12 -ന് മറ്റൊരു പൊതു തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്. ഒക്ടോബര്‍ 31ന് മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോണ്‍സന്‍ ആരംഭിച്ചത്. ഡിസംബര്‍ 12ന് തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതിതേടി ജോണ്‍സന്‍ അവതരിപ്പിച്ച ബില്‍ നിരവധി എതിര്‍പ്പുകള്‍ക്കൊടുവില്‍ പാസാവുകയായിരുന്നു.

ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ജോണ്‍സന്റെ നിര്‍ദേശത്തെ ആദ്യം എതിര്‍ത്തിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് ജര്‍മ്മി കോര്‍ബിന്‍ പിന്നീട് തീരുമാനം മാറ്റി. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാകില്ലെന്ന് ഉറപ്പു കിട്ടിയതോടെയാണ് ലേബര്‍ പാര്‍ട്ടി നിലപാട് തിരുത്തിയത്. രാജ്യത്തിന്റെയും ബ്രെക്സിറ്റിന്റെയും ഭാവി തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കുകയാണ് തെരഞ്ഞെടുപ്പ് എന്ന് ബില്‍ പാസായതിന് പിന്നാലെ ബോറിസ് ജോണ്‍സന്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: