Friday, December 13, 2019

ശ്രീലങ്കയില്‍ തീവ്രവലതുപക്ഷ നേതാവ് ഗോതബായ രാജപക്‌സെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Updated on 17-11-2019 at 9:08 am

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് വലതുപക്ഷ നേതാവ് ഗോതബായ രാജപക്‌സെ. ശ്രീലങ്ക പൊതുജന പെരുമന സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സയുടെ സഹോദരനും കൂടിയാണ് പുതിയ പ്രസിഡണ്ട്. മുന്‍ പ്രസിഡന്റ് ആര്‍ പ്രേമദാസയുടെ മകനും യുഎന്‍പി (യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ട്ടി) സ്ഥാനാര്‍ത്ഥിയുമായ സജിത്ത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗൊതബായ രാജപക്‌സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് സജിത് പ്രേമദാസ
പ്രതികരിച്ചു. പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനവും പ്രേമദാസ രാജിവെച്ചു.

എല്‍ടിടിഇയ്‌ക്കെതിരായ യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായക്ക് ഭൂരിപക്ഷ സിംഹള വിഭാഗത്തിന്റെ ഉറച്ച പിന്തുണയുണ്ടായിരുന്നു. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനായ ഗോതബായയുടെ വിജയത്തിനായി രാജപക്‌സെ കുടുംത്തിലെ ഏഴ് സഹോദരങ്ങളും ശക്തമായി പ്രചരണത്തിനിറങ്ങിയിരുന്നു. 2009ല്‍ എല്‍ടിടിഇ ഗ്രൂപ്പുകളെ പൂര്‍ണമായും നശിപ്പിച്ച സൈനിക നടപടി സമയത്തെ പ്രതിരോധ സെക്രട്ടറിയും മഹീന്ദയെ പോലെ തീവ്ര വലതുപക്ഷ ആശയഗതിക്കാരനുമാണ് ഗൊതബായ രാജപക്‌സ.

തമിഴ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ മഹീന്ദയുടെ ഗവണ്‍മെന്റ് അന്താരാഷ്ട്ര തലത്തില്‍ രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. അതേസമയം 2009ലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തിലുണ്ടായ സൈനിക നടപടിക്കിടെയുണ്ടായ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ യുഎന്‍ അന്വേഷണവും ഇടപെടലും അനുവദിക്കില്ല എന്നാണ് പ്രചാരണത്തിനിടെ ഗൊതബായ പറഞ്ഞിരുന്നത്. തടവിലാക്കപ്പെട്ട സൈനികരെ മോചിപ്പിക്കുമെന്നും ഗൊതബായ പറഞ്ഞിരുന്നു.

ബുദ്ധിസ്റ്റ് സിംഹള ഭൂരിപക്ഷത്തിന്റെ മൃഗീയ പിന്തുണ ഗൊതബായയ്ക്ക് ലഭിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തമിഴ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട പിതാവ് പ്രേമദാസയുടെ ജനകീയതയും അതേസമയം തീവ്ര വലതുപക്ഷക്കാരനായ ഗൊതബായയ്‌ക്കെതിരായ തമിഴ് ന്യൂനപക്ഷങ്ങളുടേയും മുസ്ലീങ്ങളുടേയും പിന്തുണയും വിജയത്തിനായി പ്രതീക്ഷിച്ചിരുന്ന സജിത്ത് പ്രേമദാസയ്ക്ക് നിരാശയാണ് ഫലം.

സിംഹള ഭൂരിപക്ഷ മേഖലകളില്‍ തീര്‍ത്തും പിന്നോട്ടുപോയ സജിത്ത് പ്രേമദാസയ്ക്ക് തമിഴ് ഭൂരിപക്ഷ മേഖലകളില്‍ പിന്തുണ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോ അടക്കം വിവിധ പ്രദേശങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്ന് ശ്രീലങ്ക പൂര്‍ണമായും മോചനം നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഭീകരതയെ തുടച്ചുനീക്കും, ശക്തമായ നടപടികളുണ്ടാകും, സുരക്ഷ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളെല്ലാമാണ് ഗൊതബായ രാജപക്സ മുന്നോട്ടുവച്ചത്.

തമിഴ് വംശജരുടെ പിന്തുണ പ്രേമദാസയ്ക്കായിരുന്നു. ചൈനയെ പിന്നതുണയ്ക്കുന്ന മഹിന്ദ രാജപക്‌സെയുടെ സഹോദരനേക്കാള്‍ പ്രേമദാസയുടെ ജയമായിരുന്നു അയല്‍രാജ്യമായ ഇന്ത്യ ആഗ്രഹിച്ചിരുന്നത്. പ്രേമദാസയും അദ്ദേഹത്തിന്റെ നേതാവായ റനില്‍ വിക്രമസിഗെയും ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്.

സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് ശനിയാഴ്ച പലയിടത്തും വോട്ടെടുപ്പ് നടന്നത്. തമിഴ്, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വന്‍തോതിലുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. മുസ്ലിം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന ബസ്സുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ ബൂത്തുകളിലെത്തിച്ചത്. അക്രമസംഭവങ്ങിള്‍ ഏതാനും പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പലയിടത്തും ടയറുകള്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും റോഡുകളില്‍ തടസ്സമുണ്ടാക്കി. സൈന്യം റോഡ് തടസ്സപ്പെടുത്തിയതിനാല്‍ പോളിങ് ബൂത്തിലേക്ക് പോകാനാകുന്നില്ലെന്ന് ജാഫ്‌നയിലെ തമിഴ് പ്രദേശങ്ങളിലുള്ളവര്‍ പരാതിപ്പെട്ടിരുന്നു. സിംഹള ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള ഗോതബായയുടെ വിജയത്തിനായി സൈന്യം പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. 80 ശതമാനം പേരാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ മഹിന്ദ ദേശപ്രിയ പറഞ്ഞു.

comments


 

Other news in this section