ഝാർഖണ്ഡിൽ ചേരിതിരിഞ്ഞ് മത്സരത്തിനൊരുങ്ങി ബിജെപിയുടെ സഖ്യകക്ഷികൾ…

റാഞ്ചി: മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട്, ഫലം വന്നുകഴിഞ്ഞപ്പോൾ എതിർ ചേരിയിലെ എൻസിപിയും കോൺഗ്രസുമായും ചേർന്ന് ശിവസേന സഖ്യ സർക്കാരുണ്ടാക്കിയ സാഹചര്യത്തിൽ ബിജെപിക്ക് തലവേദനയായി ഇതിൻ്റെ അനുരണനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിലാണ് ബിജെപിക്ക് ആദ്യ തിരിച്ചടി നേരിട്ടിരിക്കുന്നത്. എൻഡിഎ സഖ്യകക്ഷികളായ എ ജെ എസ് യു (ഓൾ ഝാർഖണ്ഡ് സറ്റുഡൻ്റ്സ് യൂണിയൻ), രാം വിലാസ് പാസ്വാൻ്റെ എൽജെപി (ലോക് ജൻശക്തി പാർട്ടി), നിതീഷ് കുമാറിൻ്റെ ജെഡിയു (ജനതാദൾ യുണൈറ്റഡ്) എന്നീ പാർട്ടികൾ ഒറ്റയ്ക്കൊറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇത് ഞാനും ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് എന്ന് എ ജെ എസ് യു നേതാവ് സുദേഷ് മഹാതോ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേന തിരഞ്ഞെടുത്ത വഴി മറ്റ് സഖ്യകക്ഷികളും തിരഞ്ഞെടുത്താല്‍ അത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. പഞ്ചാബിലെ അകാലി ദള്‍ അടക്കമുള്ള സഖ്യകക്ഷികള്‍ക്ക് ബിജെപിയുടെ നിലാപാടുകളോടും പ്രവര്‍ത്തനങ്ങളോടും കടുത്ത അതൃപ്തിയുണ്ട്. മോദി മന്ത്രിസഭയുടെ രൂപീകരണ സമയത്ത് തന്നെ മന്ത്രിസഭയില്‍ ആവശ്യപ്പെട്ട പ്രാതിനിധ്യം നല്‍കാന്‍ ബിജെപി തയ്യാറാകാത്തത് മൂലം ജെഡിയു കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്നില്ല. ബിഹാറില്‍ മന്ത്രിസഭാ വികസനം നടത്തിയപ്പോള്‍ ബിജെപിക്ക് ഒരു മന്ത്രി സ്ഥാനം മാത്രം കൊടുത്ത് നിതീഷ് തിരിച്ചടിക്കുകയും ചെയ്തു.

ആകെയുള്ള 81 സീറ്റില്‍ 45ലാണ് എ ജെ എസ് യു മത്സരിക്കുന്നത്. അതേസമയം പ്രതിപക്ഷത്തുള്ള ജെഎംഎം – കോണ്‍ഗ്രസ് – ആ സഖ്യം എ ജെ എസ് യുവിന്റെ നിലപാടുകളെ സംശയത്തോടെയാണ് കാണുന്നത്. ജെഎംഎം അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ എ ജെ എസ് യുവിന്റെ നീക്കങ്ങളെ നിഴല്‍യുദ്ധം എന്നാണ് വിശേഷിപ്പിച്ചത്. സുദേഷ് മഹാതോ ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല എന്ന് ഹേമന്ത് സോറന്‍ ചോദിക്കുന്നു. ഇത് ബിജെപി വിരുദ്ധ സഖ്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് എന്ന് ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജെവിഎമ്മും (ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച) ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്. നാളെയാണ് 13 മണ്ഡലങ്ങളിലുള്ള ആദ്യ ഘട്ട വോട്ടെടുപ്പ്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ആറ് സീറ്റിലും ജെഎംഎം നാല് സീറ്റുകളില്‍ ആര്‍ജെഡി മൂന്നിലുമാണ് ഈ 13 സീറ്റുകളില്‍ മത്സരിക്കുന്നത്. സംസ്ഥാനത്ത് മൊത്തത്തില്‍ ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലും ആര്‍ജെഡി ഏഴ് സീറ്റിലും മത്സരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: