യു.എസ് തെരെഞ്ഞെടുപ്പ്: ട്രംപിന്റെ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍…

ന്യൂയോര്‍ക്ക്: ഗൂഗിളും യൂട്യൂബും ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട നൂറുകണക്കിന് പരസ്യങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസില്‍ പൊതുതിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ടെക് കമ്പനികള്‍ അവരുടെ പരസ്യ നയങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രംപിന്റെ മുന്നൂറ് പരസ്യങ്ങള്‍ നിരോധിച്ചത്. ‘ഗൂഗിളിലോ യൂട്യൂബിലോ നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള ട്രംപിന്റെ ചില പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന്’ യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂസന്‍ വോജ്സിക്കി പറഞ്ഞു.

രാഷ്ട്രീയ പരസ്യങ്ങളെ ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഒക്ടോബറില്‍ ട്വിറ്റര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുന്‍ ഉപരാഷ്ട്രപതിയും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന്റെ മകന്‍ ഹണ്ടറുമായി ബന്ധപ്പെടുന്ന ഒരു കമ്പനിയെ കുറിച്ച് അന്വേഷണം നടത്തുന്ന ഉക്രൈന്‍ പ്രോസിക്യൂട്ടറെ വധിച്ചാല്‍ തങ്ങള്‍ ഉക്രെയ്‌ന് സൈനിക സഹായം വാഗ്ദാനം ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ പരസ്യംവരെ ട്രംപ് നല്‍കിയിരുന്നു.

ആ വ്യാജ പരസ്യം നീക്കംചെയ്യാന്‍ ബൈഡന്റെ കാമ്പെയ്ന്‍ ടീം ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫേസ്ബുക്ക് അഭ്യര്‍ത്ഥന നിരസിച്ചു. തങ്ങളുടെ തീരുമാനം ‘സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിലുള്ള ഫേസ്ബുക്കിന്റെ അടിസ്ഥാന വിശ്വാസത്തിലും ജനാധിപത്യ പ്രക്രിയയോടുള്ള ആദരവിലും അധിഷ്ഠിതമാണ്’ എന്നായിരുന്നു ഫേസ്ബുക്ക് നല്‍കിയ വിശദീകരണം.

Share this news

Leave a Reply

%d bloggers like this: