യുഎസിലെ പേള്‍ ഹാര്‍ബര്‍ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്; സംഭവസമയത്ത് ഇന്ത്യന്‍ വ്യോമസേന മേധാവിയും സൈനിക കേന്ദ്രത്തില്‍

യുഎസ്: യുഎസിലെ പേള്‍ ഹാര്‍ബര്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍2 പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്കേറ്റു. ഹവായിലെ പേള്‍ ഹാര്‍ബര്‍ നാവിക കപ്പല്‍ നിര്‍മ്മാണശാലയില്‍ ആണ് സംഭവം നടന്നത്. വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഹോ തീരത്തുള്ള ഷിപ്പ്യാര്‍ഡിന്റെ കവാടത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്. പേള്‍ ഹാര്‍ബര്‍ നാവിക കപ്പല്‍ നിര്‍മ്മാണശാലയില്‍ വെടിവെപ്പ് നടന്നതായി ജോയിന്റ് ബേസ് പേള്‍ ഹാര്‍ബര്‍-ഹിക്കാം വക്താവാണ് സ്ഥിരീകരിച്ചത്.

ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് സേന ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎസ് സ്വദേശിയായ നാവികനാണ് ആക്രമണം നടത്തിയത്. പിന്നാലെ ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. നേവല്‍ ഷിപ്പ്യാര്‍ഡില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. നാവിക-വ്യോമ സംയുക്ത താവളമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്

ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബഹദൂരിയയും സംഘവും പേള്‍ഹാര്‍ബറിലുണ്ടായിരുന്ന സമയത്തായിരുന്നു വെടിവെയ്പ്. എയര്‍ചീഫുമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആര്‍കെഎസ് ബഹദൂരിയയും സംഘവും പേള്‍ ഹാര്‍ബറിലെത്തിയത്. ഇവര്‍ സുരക്ഷിതരാണെന്നും അക്രമം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. യുഎസ് നേവിയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ നിര്‍മ്മാണം അടക്കമുള്ള അറ്റകുറ്റപണികള്‍ നടക്കുന്നത് പേള്‍ ഹാര്‍ബറിലാണ്

15 ഓളം അന്തര്‍ വാഹിനികള്‍ ഷിപ്പ്യാര്‍ഡിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പേള്‍ ഹാര്‍ബര്‍ ലോക ചരിത്രത്തിന്റെ ഭാഗമാണ്. 1941 ഡിസംബര്‍ 7 ന് ജാപ്പനീസ് നേവിയുടെ 353 വിമാനങ്ങള്‍ ഹവായ് ദ്വീപിലെ പേള്‍ ഹാര്‍ബറില്‍ ആക്രമണം നടത്തിയിരുന്നു. ഈ സംഭവം രണ്ടാംലോക മഹായുദ്ധത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 78-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വെടിവെയ്പ്പ് നടന്നത്.

Share this news

Leave a Reply

%d bloggers like this: