സിഡ്നിയെ വിഴുങ്ങി വീണ്ടും തീപിടുത്തം; തീ വ്യാപിച്ചത് മൂന്ന് ലക്ഷം ഹെക്ടര്‍ പ്രദേശത്ത്; ‘നീലനഗരത്തെ’ ഇനി ലോകത്തിന് നഷ്ടമായേക്കുമോ എന്നും ആശങ്ക

സിഡ്നി: ഓസ്‌ട്രേലിയയില്‍ വീണ്ടും വന്‍ തീപിടുത്തം. കഴിഞ്ഞ മാസങ്ങളില്‍ കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് സിഡ്നി നഗരം ആഴ്ചകളോളം പുകമൂടിയ അവസ്ഥയിലായിരുന്നു. ഇത്തവണയും കാട്ടു തീ തന്നെയാണ് തീപിടുത്തം ഉണ്ടാക്കിയതെന്നാണ് നിഗമനം. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സിഡ്നി നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് വന്‍ തീപിടിത്തമുണ്ടായിരിക്കുന്നത്. 2200ലധികം ഫയര്‍ഫൈറ്റര്‍മാര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്. ഒഴിഞ്ഞുപോകാന്‍ മേഖലയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ മുതല്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ആറ് പേര്‍ മരിക്കുകയും700 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലും കാട്ടുതീ ദുരിതം വിതച്ചു. അതേസമയം ആവശ്യത്തിന് വൊളണ്ടിയര്‍മാരും ജലലഭ്യതയുമില്ലെന്ന പരാതി ശക്തമാണ്. പലയിടത്തും അണക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് തീ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലയടത്ത് ശക്തമായ മഴ പെയ്താല്‍ മാത്രമേ തീ അണയൂ എന്നും അധികൃതര്‍ പറയുന്നു.

സിഡ്നി നഗരം ആഴ്ചകളോളം പുകയില്‍ മൂടിയിരിക്കുമെന്ന കാര്യം ഉറപ്പായി. ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം 16 ലക്ഷം ഹെക്ടര്‍ ലാന്‍ഡ് ആണ് കത്തിയത്. കലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ് ഭൂമിയുടെ തെക്കന്‍ അര്‍ദ്ധഗോളത്തിലുള്ള ഓസ്‌ട്രേലിയ നേരിടുന്നത് എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. മുന്‍പിലാത്തവിധം ചൂട് കൂടിയത് ആണ് കാട്ടു തീ പടര്‍ന്നുപിടിക്കാന്‍ കാരണം എന്നാണ് നിഗമനം. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണിലും മാസങ്ങള്‍ക്കു മുന്‍പ് കാട്ടു തീ വ്യാപിച്ചിരുന്നു. ഓസ്ട്രേലിയയില്‍ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: