ഡബ്ലിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കാൻ പുതിയൊരു കുടുംബ കോടതി ആവശ്യപ്പെട്ട് ക്യാംപെയ്‌നിങ് ശക്തമാകുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ പുതിയൊരു കുടുംബകോടതി വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളാണ് തലസ്ഥാന നഗരിയിൽ കുടുംബ കോടതിയും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള നിയമോപദേശ കേന്ദ്രവും വേണമെന്ന് ശക്തമായ ആവശ്യം ഉന്നയിക്കുന്നത്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചുവരികയും കോടതി വ്യവഹാരങ്ങളിൽ കാലതാമസം നേരിടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയൊരു കുടുംബകോടതിക്കായുള്ള മുറവിളി ഉയരുന്നത്.

ചിൽഡ്രൻസ് റൈറ്റ് അലയൻസ്, കമ്യൂണിറ്റി ലോ ആൻഡ് മീഡിയേഷൻ, ഫാമിലി ലോയേഴ്സ് അസോസിയേഷൻ, നാഷണൽ വുമൺസ് കൗൺസിൽ അയർലൻഡ്, ലോ സൊസൈറ്റി ആൻഡ് വുമൺസ് എയ്ഡ് തുടങ്ങിയ സംഘടനകളാണ് കോടതി വ്യവഹാരങ്ങളിലെ രൂക്ഷമായ പ്രതിസന്ധി ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്യാംപെയ്‌നിങ് ആരംഭിച്ചിരിക്കുന്നത്.

ഡബ്ലിനിലെ കോടതികളിൽ കുടുംബപരമായ നിരവധി കേസുകൾ കെട്ടിക്കിടക്കുകയാണ്. മാത്രമല്ല, ഇവക്ക് കാലതാമസവും നേരിടുന്നുണ്ട്. പ്രാദേശികമായ ഈ ആവശ്യം കണക്കിലെടുത്ത് ഡബ്ലിനിൽ ഹാമൻഡ് ലൈനിലെ സ്മിത്ത് ഫീൽഡിൽ പുതിയൊരു കുടുംബ കോടതി അനുവദിക്കണമെന്ന് ജസ്റ്റിസ് വകുപ്പ് ഉറപ്പ് നൽകിയെങ്കിലും ഫണ്ടിങ് പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ച് ഇത് നടപ്പിൽ വരുത്താൻ കഴിഞ്ഞിരുന്നില്ല.

വിവാഹമോചന കേസുകൾ, ഗാർഹിക പീഡനം, കുട്ടികൾക്കുനേരെയുള്ള അതിക്രമം തുടങ്ങി സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന കേസുകൾ നടക്കുന്ന കോടതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും കുറവാണെന്നും ക്യാംപെയ്‌നിങ് നടത്തുന്ന സംഘടനകൾ പറയുന്നു. കോടതി വ്യവഹാരങ്ങൾക്ക് എത്തുന്ന വിവാഹമോചനം പോലുള്ള കേസുകളിൽ ഇരുകൂട്ടർക്കും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുറികളോ ഇരിപ്പിടങ്ങളോ ലഭ്യമല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അംഗരാജ്യങ്ങൾക്ക് വേണ്ടി ഐക്യരാഷ്ട്ര സഭ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഇല്ലാതെയാണ് അയർലണ്ടിൽ കുടുംബകോടതികളുടെ പ്രവർത്തനം. ഇത്തരം കേസുകളിൽ കോടതി വ്യവഹാരങ്ങൾ വേഗത്തിൽ ആക്കുന്നതോടൊപ്പം കോടതികളിൽ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിക്കേണ്ടതുണ്ടെന്നും ക്യാംപെയ്‌നിങ്ങിന് നേതൃത്വം നൽകുന്നവർ ചൂണ്ടിക്കാണിക്കുന്നു. പുതിയ കോടതി നിർമ്മാണത്തിനായി 80 മില്യൺ യൂറോ പാസാക്കിയതായി ജസ്റ്റിസ് മിനിസ്റ്റർ ദെയിലിൽ നടന്ന ചോദ്യോത്തരവേളയിൽ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പുതിയൊരു കുടുംബകോടതി നിർമ്മാണം വേഗത്തിലാക്കണമെന്നാണ് ക്യാംപെയ്‌നർമാരുടെ ആവശ്യം. 

Share this news

Leave a Reply

%d bloggers like this: