ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡമോക്രാറ്റുകൾ; ഇംപീച്ച്‌മെൻ്റ് നടപടികൾ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് ഡമോക്രാറ്റുകൾ. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന നിലപാടിലാണ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ ആരോപിക്കുന്നത്. ട്രംപിനെതിരായ ഇംപീച്ച്മെന്റിന് സാധുതയുണ്ടെന്നത് സ്ഥാപിക്കുന്ന രണ്ട് കുറ്റാരോപണങ്ങൾ ഇന്നലെ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചു. ട്രംപ് അധികാരത്തെ ദുരുപയോഗം ചെയ്തെന്നതാണ് ഒന്നാമത്തെ കുറ്റാരോപണം. കോൺഗ്രസ് സ്ഥാപിച്ച അന്വേഷണ സമിതിയെ ശരിയായി പ്രവർത്തിക്കുന്നതിനെ തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചെന്നതാണ് രണ്ടാമത്തെ കുറ്റാരോപണം. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തിയ മ്യുള്ളർ തന്റെ റിപ്പോർട്ടിൽ ട്രംപ് അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

 സഹായധനം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ഉക്രൈൻ പ്രസിഡണ്ടിനെക്കൊണ്ട് തന്റെ രാഷ്ട്രീയ എതിരാളിയായ ബൈഡനെതിരെ അഴിമതിയന്വേഷണം പ്രഖ്യാപിക്കാൻ ശ്രമം നടത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് നിർണ്ണായകമായ ആരോപണം. ഈ കേസിൽ ട്രംപ് തന്റെ അധികാരത്തെ ദുർവിനിയോഗം ചെയ്തെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അമേരിക്ക ചരിത്രപരമായ ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് കടക്കുന്നത്. ഹൌസ് ജുഡീഷ്യറി ചെയർ ജെറി നാഡ്‌ലർ, സ്പീക്കർ നാൻസി പെലോസി, ഇന്റലിജൻസ് ചെയർ ആദം ഷിഫ് എന്നവര്‍ അടങ്ങിയ ഡെമോക്രാറ്റിക്‌ നേതാക്കളാണ് ട്രംപിനെതിരെയുള്ള ഭരണഘടനാപരമായ നടപടികള്‍ അക്കമിട്ടു നിരത്തിയത്.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ട്രംപ് ഉക്രൈനെ സമീപിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉക്രൈന് യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. രാജ്യതാല്‍പര്യത്തേക്കാള്‍ ട്രംപ് സ്വന്തം താല്‍പര്യത്തിനാണ് മുന്‍‌തൂക്കം നല്‍കിയതെന്ന് ഇംപീച്ച്‌മെന്റ് റിപ്പോർട്ടില്‍ ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. അദ്ദേഹം അമേരിക്കൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചതായും ദേശീയ സുരക്ഷയെതന്നെ അപകടത്തിലാക്കിയതായും ചെയ്തുവെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

നിലവില്‍ ട്രംപിനെതിരെ ചുമത്തിയ വകുപ്പുകള്‍ ഹൌസ് ജുഡീഷ്യറി കമ്മിറ്റി വോട്ടിനിട്ടു പാസാക്കും. അതിനുശേഷം പ്രതിനിധിസഭ കുറ്റപത്രം പരിഗണിക്കും. അതിനുശേഷം ഉന്നത സഭയായ സെനറ്റിലേക്ക്. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: