‘ഭൂമിയ്ക്ക് വേണ്ടി മുഴങ്ങിക്കേട്ട ഏറ്റവും വലിയ ശബ്ദം’; ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ പുരസ്‌കാരം ഗ്രെറ്റതൻബെർഗിന്

സ്റ്റോക്ഹോം: ലോകമെമ്പാടും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പടപൊരുതാൻ പ്രേരിപ്പിച്ച16 കാരിക്ക് ടൈംമാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ബഹുമതി. ഈ ബഹുമതി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഗ്രെറ്റ തൻബെർഗ്. ഗ്രേറ്റ തൻബെർഗ് എന്ന ഒരു പെൺകുട്ടിയുടെ സമരത്തിൽ നിന്നാണ് ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’ (School strike for climate) ആരംഭിച്ചത്. ഗ്രേറ്റയുടെ ഇടപെടലിന് പിന്നാലെ ഇതൊരു പ്രസ്ഥാനമായി വളരുകയായിരുന്നു. സ്വീഡനിൽ നിന്ന് തുടങ്ങിയ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി കാലാവസ്ഥയ്ക്കു വേണ്ടി പഠനമുപേക്ഷിച്ച് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ നിരത്തുകളിലേക്കിറങ്ങുകയും ചെയ്തിരുന്നു.

2018ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായ സാഹചര്യത്തിൽ ഇതിനെതിരെ സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു തൻബെർഗ് തെരഞ്ഞെടുത്ത വഴി. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’ എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തു. പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സര്‍ക്കാർ തയ്യാറാകണമെന്നായിരുന്നു തന്‍ബെർഗിന്റെ പ്രധാന ആവശ്യം. പാരിസ് ഉടമ്പടിയനുസരിച്ച് കാർബൺ ബഹിർഗമനം കുറച്ചു കൊണ്ടുവരാൻ സ്വീഡൻ തയ്യാറാകുന്നില്ല എന്നായിരുന്നു തൻബെർഗിന്റെ ആരോപണം.

എല്ലാ വെള്ളിയാഴ്ചയും സ്കൂൾ ഉപേക്ഷിച്ച് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ഗ്രേറ്റ പ്രതിഷേധിച്ചു. വെള്ളിയാഴ്ചകൾ വരുംകാലത്തിന്’ (FridaysForFuture) എന്ന മുദ്രാവാക്യവും തൻബെർഗ് രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടും ഈ സമരം ശ്രദ്ധ നേടി. ഗ്രെറ്റ ഉണ്ടാക്കിയെടുത്ത സമരപരിപാടിയ്ക്ക് ഭൂമിയിലെ വൻകരകളിൽ എല്ലാം തന്നെ അലയൊലികൾ ഉണ്ടാക്കി. ലോകം മുഴുവൻ ഇത് കാതോർത്തു. അങ്ങ് സ്വീഡനിൽ തുടങ്ങിയ സമരത്തിന്റെ ഭാഗമായി കേരളത്തിൽ കൊച്ചിയിലും കാലാവസ്ഥാവ്യതിയാന സമരങ്ങൾ നടന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ആയി കേരളം അഭിമുഖീകരിച്ച പ്രളയകെടുതി കാലാവസ്ഥ വ്യതിയാനത്തിനെതിരെ കണ്ണുതുറക്കാൻ കാരണമായി തീരുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: