പൗരത്വ ബില്ലിൽ ഇളകി മറിഞ്ഞ് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങൾ; അസമിലും, ത്രിപുരയിലും പ്രക്ഷോഭം ആളിക്കത്തുന്നു

ഗുവാഹത്തി: ദേശീയ പൗരത്വ ബില്ല് രാജ്യസഭയിലും പാസ്സായതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നു. 50 കമ്പനി പട്ടാളത്തെയാണ് മേഖലയിൽ സർക്കാർ ഇറക്കിയിരിക്കുന്നത്. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർ‌പ്പെടുത്തിയിരിക്കുകയാണ്. സമാനമായ സ്ഥിതിഗതികളാണ് ത്രിപുര തലസ്ഥാനമായ അഗർത്തലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിദ്യാർത്ഥികളെല്ലാം തെരുവുകളിലാണ്. ഇക്കാരണത്താൽ സർവ്വകലാശാലകളും കോളജുകളും ക്ലാസ്സുകൾ താൽക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്. ഡിസംബർ 14 വരെ നടക്കാനിരുന്ന പരീക്ഷകളും ഗുവാഹത്തി ദിബ്രുഗഡ് സർവ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്. 31 ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കപ്പെട്ടു.

ലോക്സഭയില്‍ തിങ്കളാഴ്ച പാസ്സാക്കിയ ബില്‍ രാജ്യസഭയില്‍ ചൊവ്വാഴ്ച പാസ്സാക്കിയെടുക്കുകയായിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിങ്ങളൊഴികെയുള്ള മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വമെടുക്കുന്നത് എളുപ്പമാക്കുന്നതാണ് ഈ ബില്‍‌. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഈ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു.

നിരോധനാജ്ഞയ്ക്ക് പുറമെ അസമിൽ പത്ത് ജില്ലകളിൽ ഇന്റെർ‌നെറ്റ് സേവനവും റദ്ദാക്കി. ലഖിംപൂർ, ധേമാജി, ടിൻസുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രൂപ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപെടുത്തിയത്. ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി അസമിൽ നാളെ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഉൾ‌ഫയാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്

Share this news

Leave a Reply

%d bloggers like this: