പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധം: ഗുവാഹത്തിയിൽ പോലീസ് വെടിവെയ്പ്പിൽ മൂന്നുപേർ മരിച്ചു

ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ പൗരത്വ ബില്ല് പാസ്സാക്കിയതിനെതിരെ തുടരുന്ന പ്രതിഷേധത്തിൽ അസമിൽ മൂന്ന് പേർ വെടിയേറ്റ്‌ മരിച്ചു. ഗുവാഹത്തിയിൽ തെരുവിലിറങ്ങിയ ജനങ്ങൾക്കു നേരെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റവരാണ് മരിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ലാലുംഗാവോ മേഖലയില്‍ വെടിവെപ്പുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് മരണ വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ രാത്രിയിൽ നിലവിൽ വന്ന നിരോധനാജ്ഞ ലംഘിച്ചാണ് അസമിലെ ജനങ്ങൾ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്. വിദ്യാർ‌ത്ഥികൾ ക്ലാസുകളിൽ ഹാജരാകാഞ്ഞതിനെ തുടർന്ന് കോളജുകൾ അടച്ചിട്ട നിലയിലാണ്.

ഗുവാഹട്ടിയിലും പത്ത് മറ്റ് ജില്ലകളിലും നിലവിൽ ഇന്റർനെറ്റ് സേവനം മരവിപ്പിച്ചിരിക്കുകയാണ് സർക്കാർ. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇവർ തെരുവുകളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

അതിനിടെ, പ്രതിഷേധം ശക്തമായ മേഘാലയിലും നിയന്ത്രണങ്ങൾ എർപ്പെടുത്തി. ചില മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. 48 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം എന്ന് സംസ്ഥാനർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ത്രിപുരയിലും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിവാദ പൗരത്വ ബില്‍ രാജ്യസഭയും പാസ്സാക്കിയതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്

Share this news

Leave a Reply

%d bloggers like this: