ട്രംപിനെതിരായ ഇംപീച്ച്മെൻ്റ്: ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പ് നാളെ; ജോൺ ബോൾട്ടണേയും മുൽവാനിയേയും വിചാരണ ചെയ്യണമെന്ന് ഡമോക്രാറ്റുകൾ…

യു.എസ്: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. അതിനിടെ, സാക്ഷികളെ വിസ്തരിക്കാതെ സെനറ്റ് നടത്താന്‍ പോകുന്ന വിചാരണക്കെതിരെ സഭയിലെ മുതിര്‍ന്ന ഡെമോക്രാറ്റായ ചക് ഷുമർ രംഗത്തെത്തി. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടണേയും ആക്ടിംഗ് ചീഫ് മിക്ക് മുൽവാനിയേയും വിചാരണ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സാക്ഷി മൊഴികളും പുതിയ രേഖകളും ഉൾപ്പെടുത്തിയായിരിക്കണം സെനറ്റിലെ വിചാരണ എന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കണലിന് കത്തയച്ചു. ഉക്രെയ്ൻ അഴിമതിയുമായി ബന്ധപ്പെട്ട് പല നിര്‍ണ്ണായക ഇടപെടലുകളും നേരിട്ട് നടത്തിയ ആളാണ്‌ ബോൾട്ടണും, മുൽവാനിയും.

‘സാക്ഷികളില്ലാതെ പിന്നെന്ത് വിചാരണ’ എന്നാണ് ഷുമർ ചോദിക്കുന്നത്. ‘വസ്തുതകൾ പുറത്തുവരാത്ത തരത്തിലുള്ള വിചാരണ ചില കാര്യങ്ങള്‍ മറച്ചുവെക്കാനുള്ളതാണെന്ന്’ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ജനപ്രതിനിധി സഭയിൽ കുറ്റവിചാരണ നേരിടേണ്ടി വരുന്ന മൂന്നാമത്തെ മാത്രം യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് മാറും. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ജനപ്രതിനിധിസഭയുടെ ഇന്റലിജന്റ് കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പഠിച്ച ശേഷം ജുഡീഷ്യറി കമ്മിറ്റിയാണ് ഇംപീച്ച് ചെയ്യാനുള്ള രണ്ടു വകുപ്പുകൾ ശുപാർശ ചെയ്തത്.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ട്രംപ് ഉക്രൈനെ സമീപിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉക്രൈന് യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. സമ്മർദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താൽപര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ബാലിശമായ തെളിവുകൾ അടിസ്ഥാനമാക്കി, ഏക പക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപും അനുയായികളും.

ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. അതിനുശേഷം ഉപരിസഭയായ സെനറ്റിലേക്ക്. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തുപോകേണ്ടിവരും. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ക്കാണ് ആധിപത്യം എന്നതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.

Share this news

Leave a Reply

%d bloggers like this: