ഹർത്താൽ‌: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിൽ വ്യാപക പ്രതിഷേധം, നൂറോളം പേര്‍ കസ്റ്റഡിയില്‍…

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ മുസ്ലീം സംഘടനകൾ അടക്കമുള്ള സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ നിരവധി അക്രമ സംഭവങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു. ഹർത്താൽ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ പല ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും ബസുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

തിരുവനന്തപുരം – മൂന്നാര്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹർത്താൽ അനുകൂലികൾ കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തിച്ച ശേഷം താക്കോല്‍ ഊരിയെടുത്തു. പാലക്കാട് വാളയാറില്‍ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വയനാട് പുല്‍പ്പള്ളിയിലും വെള്ളമുണ്ടയിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകൾ ഹർത്താൽ അനുകൂലികളായ അക്രമികൾ എറിഞ്ഞുതകർത്തു. മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിരുന്നു.

പാലക്കാട് കെഎസ്ആർടിസി സ്റ്റാന്റിൽ ഹർത്താൽ അനുകൂലികള്‍ പ്രകടനം നടത്തി. റോഡ് ഉപരോധിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് പുതുപ്പള്ളി തെരുവിൽ എസ്‍ഡിപിഐ, വെൽഫയർ പാർട്ടി പ്രവർത്തകർക്ക് പ്രകടനം നടത്താൻ പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മലപ്പുറം ജില്ലയിൽ ആകെ 19 കേസുകളിലായി 58 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. തിരൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.

പത്തനംതിട്ട അടൂരിൽ പ്രകടനം നടത്തിയ 35 എസ്‍ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.ജില്ലയില്‍ കടകൾ അടഞ്ഞ് കിടക്കുകയാണ്. ജില്ലയിൽ കെഎസ് ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. കണ്ണൂരിൽ 13 എസ്ഡിപിഐ പ്രവർത്തകർ ഇതിനോടകം കരുതൽ തടങ്കലിലാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റും, വെൽഫയർ പാർട്ടി പാണ്ടനാട് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി അനീഷ് പാണ്ടനാട്, ദലിത് സംഘടനാ നേതാവ് സതീഷ് കുമാർ എന്നിവരുൾപ്പെടെയാണ് ചെങ്ങന്നൂർ പൊലീസ് കരുതൽ തടങ്കലിലിലെടുത്തത്. തളിപ്പറമ്പിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റില്‍. തളിപ്പറമ്പിൽ ബസ് ഡ്രൈവറെ മർദിച്ച കേസിലാണ് ക്യാന്പസ് ഫ്രണ്ട് നേതാവ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താല്‍ ഭാഗികമാണ്. തിരുവനന്തപുരത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സംയുക്തസമരസമിതിയുടെ മാർച്ചിനിടെ കടകൾക്കുനേരെ കല്ലേറ് ഉണ്ടായി. ഏജീസ് ഓഫീസിലേക്കാണ് ഹർത്താൽ അനുകൂലികൾ മാർച്ച് നടത്തിയത്. അതിനിടെ, ഹര്‍ത്താലിനെ തുടര്‍ന്ന് പലര്‍ക്കും എത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നത്തെ പരീക്ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിക്കുന്നു. ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കുന്നത്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. അതേസമയം സ്കൂളുകളിൽ പലയിടത്തും ഹാജർ നിലയും കുറവാണ്. ഹര്‍ത്താല്‍ കാരണം പരീക്ഷയ്ക്കെത്താന്‍ കഴിയാതെ വലഞ്ഞ് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍. സ്കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലളകുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല.

അതേസമയം, ഇന്നത്തെ ഹർത്താലിന് സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഹർത്താലിൽ പങ്കെടുക്കുന്നില്ല. ഹർത്താലിനോട് സഹകരിക്കില്ലെന്നും ഇത് ബിജെപിയെ സഹായിക്കാനുള്ള ഹർത്താലാണെന്നും മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞിരുന്നു. നിയമപ്രകാരം ഹർത്താലിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമാണ് എന്നാണ് ഡിജിപി ലോക് നാഥ് ബെഹറ ഇന്നലെ പറഞ്ഞത്. ഹർത്താലിൻ്റെ ഭാഗമായി അക്രമം നടത്തുന്നവർക്കും പൊതുമുതൽ നശിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്നും ഹർത്താലിനെ പിന്തുണക്കുന്നവരും ഇതിന് ഉത്തരവാദികളായിരിക്കുമെന്നും പൊലീസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

Share this news

Leave a Reply

%d bloggers like this: