സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉത്പാദനം നിർത്തി

വാഷിംഗ്‌ടൺ: സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ ജനുവരിമുതൽ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉത്പാദനം നിർത്തുന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് 737 മാക്‌സ് വിമാനങ്ങള്‍ തകരുകയും 346 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടും ബോയിംഗ് ഉത്പാദനം തുടരുകയായിരുന്നു. ഈ വർഷം അവസാനത്തോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനം വീണ്ടും ആകാശത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബോയിംഗ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കാൻ യുഎസ് റെഗുലേറ്റർമാർ വിസമ്മതിച്ചതോടെയാണ് അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗ് ഉത്പാദനം നിര്‍ത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വർഷങ്ങളിൽ രണ്ടു അപകടങ്ങൾ ഉണ്ടായതോടെ യൂറോപ്പ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വ്യോമയാന കേന്ദ്രങ്ങൾ മാക്സ് സീരീസിൽ ഉൾപ്പെടുന്ന വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മാക്സ് വിമാനങ്ങളുടെ സുരക്ഷ പ്രശ്നങ്ങൾ പരിഹരിച്ചു എന്നവകാശപെട്ട് ബോയിങ് വീണ്ടും നിർമ്മാണം തുടങ്ങുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്സ് 8 ശ്രേണിയിലുള്ള വിമാനം അഡിസ് അബാബയ്ക്കു സമീപം തകര്‍ന്നുവീണത്. അത് 157 പേരുടെ ജീവന്‍ അപഹരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 189 പേരുടെ ജീവനെടുത്ത് ലയണ്‍ എയറിന്റെ മാക്സ് 8 വിമാനം തകര്‍ന്നുവീണതിന്റെ പിന്നാലെയായിരുന്നു അത്.

അപകടത്തിന്റെ കാരണം സംബന്ധിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഈ രണ്ട് അപകടങ്ങളെ ബന്ധിപ്പിക്കാന്‍ തക്ക തെളിവുകളുമില്ല. ഇവ രണ്ടും ഒരേ ശ്രേണിയിലുള്ള വിമാനങ്ങൾ ആയിരുന്നു എന്നതാണ് പൊതുവായ ഘടകം. അമേരിക്കന്‍ വ്യോമയാന ഭീമന്‍മാരായ ബോയിങ് സമീപകാലത്ത് അവതരിപ്പിച്ച ഇന്ധനക്ഷമതയേറിയ മോഡലായിരുന്നു ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍.

രണ്ടു വര്‍ഷം മുമ്പാണ് ഈ ശ്രേണിയിലെ വിമാനങ്ങള്‍ പറന്നുതുടങ്ങിയത്. ഇന്ധനക്ഷമത അടക്കമുള്ള പ്രത്യേകതകള്‍ മൂലം 737 മാക്സ് ശ്രേണിയിലുള്ള വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നത് ഒട്ടേറെ രാജ്യങ്ങളാണ്. ഇതിനോടകം 5000 ലേറെ ഓര്‍ഡറുകള്‍ ബോയിങിന് ലഭിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍ 737 മാക്സ് വിമാനങ്ങള്‍ നിലത്തിറക്കിയ സ്ഥിതിക്ക് ഇനി സംഭവിക്കുക ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ ഇവ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നതാണ്.

ഏതാനും രാജ്യങ്ങള്‍ റദ്ദാക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. ഈ തിരിച്ചടികള്‍ക്കിടെയാണ് കമ്പനി 737 മാക്സ് വിമാന നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ, ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡെന്നിസ് മ്യുലൻബർഗിനെ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: