ചൂടിൽ വെന്തുരുകി ഓസ്‌ട്രേലിയ; ന്യൂവെയിൽസിൽ അടിയന്തരാവസ്ഥ തുടരുന്നു

ന്യൂവെയ്ൽസ്: രണ്ടുമാസമായി തുടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ കഴിയാത്തത് ഓസ്‌ട്രേലിയയിൽ ഉഷ്‍ണതരംഗത്തിന് കാരണമായി. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ പലയിടത്തും അനുഭവപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സിലാണ് താപനില ഏറ്റവും ഉയര്‍ന്നത്. ബുധനാഴ്‍ച രേഖപ്പെടുത്തിയത് 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. അഞ്ച് വര്‍ഷത്തിനടയിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ ഒരാഴ്‍ചയായി ഓസ്ട്രേലിയ അനുഭവിക്കുന്നത്. ഇപ്പോഴും നൂറിലധികം ഇടങ്ങളിലെ കാട്ടുതീ അണയ്ക്കാന്‍ അഗ്നിരക്ഷാസേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ന്യൂ സൗത്ത് വെയില്‍സിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ ഏഴ് ദിവസത്തെ അടിയന്തിരാവസ്ഥയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്ന കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. കാട്ടുതീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഓസ്ട്രേലിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതാണ് കാട്ടുതീ രൂക്ഷമാകാന്‍ കാരണമെന്നാണ് ആരോപണം. സമൂഹ മാധ്യമങ്ങളിലും ഓസ്ട്രേലിയയിലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ തുടരുമ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി യുഎസ് സന്ദർശനത്തന് പോയതും വ്യാപക പ്രതിഷേധത്തിന് കാരണമായി.

Share this news

Leave a Reply

%d bloggers like this: