പൗരത്വ രജിസ്റ്റർ നാളെ കേരളത്തിൽ നടപ്പാക്കിയാൽ എന്തു സംഭവിക്കും???

കഴിഞ്ഞയാഴ്ച ഇന്ത്യൻ  പാർലമെൻറ് പൗരത്വ ഭേദഗതി  ബില്ല് പാസ്സാക്കിയത് മുതൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയും മാധ്യമങ്ങളും നിറഞ്ഞിരിക്കുകയാണ്. പൗരത്വ ബില്ല് അഭയാർത്ഥികൾക്ക് ഗുണകരമായ ഒന്നാണെന്ന് ബിൽ അനുകൂലികളും അത് മനുഷ്യത്വപരമായ സമീപനത്തോട് കൂടിയുള്ള ബില്ല് അല്ല എന്നും ഇന്ത്യൻ ഭരണഘടനക്ക് എതിരാണ് എന്നും ഇന്ത്യയുടെ മതേതരത്വം ഇല്ലാതാക്കുന്നതാണ് എന്നും  ബില്ലിനെ എതിർക്കുന്നവരും  ആരോപിക്കുന്നു. പൊതുവെ നോക്കുകയാണെങ്കിൽ കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ പാർലമെൻറിൽ അവതരിപ്പിച്ച പൗരത്വബിൽ വല്യ തരക്കേടില്ലാത്ത ഒന്നുതന്നെയാണ് എന്ന് നിസ്സംശയം പറയാൻ കഴിയും.


അതേ സമയം അത് അഭയാർഥികൾക്ക് ഗുണകരമായ ബില്ല് തന്നെയാണ് എങ്കിലും അതിലെ മുസ്ലിം വിവേചനം  ആ ബില്ലിന്റെ ഉദേശ ശുദ്ധി നമുക്ക് വെളിവാക്കി തരുന്നുണ്ട്. ഒരു മതവിഭാഗത്തെ മാത്രം ഉൾപ്പെടുത്താതെ മറ്റു  മതവിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ബില്ല് ഇന്ത്യൻ ഭരണഘടനക്കും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിനും എതിരാണ് എന്നകാര്യത്തിൽ യാതൊരു തർക്കവും ഇല്ല.


 ആ ഒരു പ്രശ്നം ഇല്ലായിരുന്നെങ്കിൽ  ഒറ്റ നോട്ടത്തിൽ ഈ ബില്ല് കൊള്ളാം എന്നാർക്കും തോന്നാം. പക്ഷേ ആ ബില്ലിലേക്ക് എത്തിപ്പെട്ട സാഹചര്യം കൂടി  പരിശോധിക്കുമ്പോഴാണ് ഈ ബില്ലിൽ ഒളിഞ്ഞിരിക്കുന്ന അപകട ചുഴി നാം മനസ്സിലാക്കുക.എന്തു കൊണ്ടാണ് കേന്ദ്ര  സർക്കാർ ഈ പൗരത്വ ബില്ല് ഭേദഗതി നടപ്പാക്കാൻ നിർബന്ധിതരായത് എന്ന് നമുക്ക് പരിശോധിക്കാം. ആസാമിലെ ജനങ്ങളുടെ വളരെ കാലമായി ആവശ്യമായിരുന്നു പൗരത്വ രജിസ്റ്റർ ഉണ്ടാക്കി, ആ രജിസ്റ്ററിൽ പെടാത്ത ആളുകളെ ആസാമിൽ നിന്ന് പുറത്താക്കണം എന്നുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് ഈ ആവശ്യം ഉന്നയീക്കുന്ന ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടി ബിജെപി പ്രകടന പത്രികയിൽ ഈ പൗരത്വ രജിസ്റ്റർ ഉണ്ടാക്കാമെന്നും രജിസ്റ്ററിൽ പെടാത്ത ആളുകളെ പുറത്താക്കാം എന്നും ഉള്ള വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു.

അങ്ങനെ നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ ശ്രമിക്കുന്നതിനു വേണ്ടിയാണ് ആണ് പലരും നീട്ടിക്കൊണ്ടു പോയിരുന്ന ഈ പൗരത്വ രജിസ്റ്റർ ആസാമിൽ ഉണ്ടാക്കിയത്. ഇതിനായി ഏതാണ്ട് 1900 കോടി രൂപയും ചിലവാക്കി.
ഈ പൗരത്വ രജിസ്റ്റർ(NRC) ഉണ്ടാക്കുന്നതിനുവേണ്ടി 1971 നു മുൻപ് ജനങ്ങൾ  ഇന്ത്യയിൽ താമസിച്ചിരുന്നു എന്നതിനുള്ള രേഖകൾ പരിശോധന നടത്തി ലിസ്റ്റ്  തയ്യാറാക്കുന്നതിനു വേണ്ടി സർക്കാർ ശ്രമിച്ചു.എന്നാൽ സർക്കാർ നിശ്ചയിച്ച രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന  19  ലക്ഷത്തോളം ആസാമീസ് ജനത ലിസ്റ്റിൽ നിന്നും പുറത്തായത് സർക്കാർ കണക്കു കൂട്ടലുകൾ ആകെ തെറ്റിച്ചു. ആസാമിൽ പതിറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന ജനങ്ങൾ ഈ ലിസ്റ്റിൽ നിന്ന് പുറത്തായി്‌. രസകരമായ കാര്യം ഈ  ഈ പൗരത്വ ബില്ലിനു വേണ്ടി വാദിച്ച അനേകം  ആളുകളും ലിസ്റ്റിനു പുറത്തായി.ലിസ്റ്റിനു പുറത്തായ 19 ലക്ഷം ആളുകളിൽ 7 ലക്ഷം മുസ്ലിങ്ങളും ബാക്കി ബംഗാളി ഹിന്ദുക്കളും മറ്റ് നോർത്ത് ഇന്ത്യൻ ഹിന്ദുക്കളും ആണ്.ഇതോടുകൂടി ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞു. ഇതൊടെയാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച പൗരത്വ ഭേദഗതി  ബില്ല് (CAA)  ലോകസഭയിലും രാജ്യസഭയിലും പാസാക്കാൻ നിർബന്ധിതർ ആയത്.

ഈ ഭേദഗതി പൂർണ്ണമായിട്ടും ഫലം കാണാൻ സാധ്യതയില്ല. കാരണം പാസാക്കിയ ഭേദഗതി പ്രകാരം അഭയാർത്ഥികളായി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ  രാജ്യങ്ങളിൽ നിന്നു വന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ഹിന്ദു,ക്രിസ്ത്യൻ,സിക്ക് വിഭാഗക്കാർക്ക് മാത്രമാണ് ഭേദഗതി ബില്ല് കൊണ്ടു പൗരത്വം ലഭിക്കുകയുള്ളു.   ഒഴിവാക്കപ്പെട്ട 19  ലക്ഷം ആളുകളിൽ ഭൂരിഭാഗം പേരും അങ്ങനെ അഭയാർത്ഥിയായി വന്നതല്ല അവർ  നൂറ്റാണ്ടുകളായി ഇന്ത്യയിൽ  ജീവിച്ചു വന്ന തലമുറയിലെ കുടുംബത്തിൽ പെട്ടവരാണ്.അത് കൊണ്ടു ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട ഭൂരിഭാഗം ആളുകളും അങ്ങനെ തന്നെ തുടരും.


 പൗരത്വ ബില്ല് നാളെ കേരളത്തിൽ നടപ്പാക്കിയാൽ ആരൊക്കെ അതിൽ നിന്ന് പുറത്തു പോകും???

പൗരത്വ രജിസ്റ്റർ ആസാമിൽ നടപ്പാക്കിയത് പോലെ ഇന്ത്യ ഒട്ടാകെ നടപ്പാക്കുമെന്ന് എന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോകസഭയിൽ  പറഞ്ഞുകഴിഞ്ഞു. പല ഇലക്ഷൻ റാലികളിലും അത് ആവർത്തിച്ചു. അങ്ങനെ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ എന്ത് സംഭവിക്കും എന്ന് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം ആസാമിൽ പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയപ്പോൾ   സർക്കാർ നിർദ്ദേശിക്കുന്ന 1971നു മുൻപുള്ള  രേഖകൾ ഹാജരാക്കിയാൽ അംഗത്വം കൊടുക്കുന്നതിന് ആണ് തീരുമാനമെടുത്തത്. 1971 നു മുമ്പ് ജീവിച്ചിരുന്നു എന്നതിന് വേണ്ട രേഖകൾ താഴെപ്പറയുന്നവയാണ്.


(1971നു മുമ്പ് എന്നുള്ളത് സർക്കാർ 1987 എന്നാക്കിയെന്ന് വാർത്തകൾ ഇന്നലെ മുതൽ വരുന്നുണ്ട്. ഉത്തരവ് ഇറങ്ങിയതായി അറിവില്ല. സമരത്തിന്റെയും സമ്മർദ്ദങ്ങളുടെയും ഫലം ആണ് അത്‌. എന്നാൽ പോലും കേരളത്തിൽ ലക്ഷങ്ങൾ പുറത്താകും. പ്രത്യേകിച്ചു പഞ്ചായത്ത്‌ ജനന സർറ്റിഫിക്കറ്റിൽ മാറ്റം ഉള്ളവർ. നിലവിൽ ഇന്ത്യയിൽ ജീവിക്കുന്നവർക്ക് എല്ലാം പൌരത്വ റെജിസ്റ്ററിൽ ഇടം ലഭിക്കുന്ന രീതിയിൽ സർക്കാർ മാനദണ്ഡം പുനർ നിശ്ചയിക്കുന്നത് വരെ പോരാടണം.)


Land and tenancy records
Citizenship certificate
Permanent residential certificate
Refugee registration certificate
Any government issued license/certificate
Government service/ employment certificate
Bank or post office accounts
Birth certificate
State educational board or university educational certificate
Court records/processes
Passport
Any LIC policy

 1971 നു മുൻപ് ജനിച്ച ആളാണെങ്കിൽ ഈ പറഞ്ഞ രേഖകളിൽ ഒന്ന് എങ്കിലും ഹാജരാക്കണം. 1971 നു ശേഷം ജനിച്ച ആളാണെങ്കിൽ
1971 നു മുൻപ് ജനിച്ച പിതാവിന്റെയോ പിതാമഹാന്റെയോ  മേൽ പറഞ്ഞ രേഖകൾ  ഹാജരാക്കുകയും  അവരും ആയിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഒപ്പം  ഹാജരാക്കണം. കാര്യം കേൾക്കുമ്പോൾ എളുപ്പം കിട്ടുന്ന രേഖകൾ ആണെന്ന് തോന്നുമെങ്കിലും   കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല  .പാസ്പോർട്ട്,  എൽ ഐ സി പോളിസി  ഇങ്ങനെ നിരവധി     രേഖകൾ ഇതിൽ പറയുന്നുണ്ടെങ്കിലും  1971നു മുൻപുള്ള   പാസ്പോർട്ടും  എൽ ഐ സി പോളിസിയും ഒക്കെ എത്ര പേർക്ക് ഹാജരാക്കാൻ കഴിയും എന്ന് കണ്ടറിയണം. മാത്രമല്ല പഞ്ചായത്തിൽ ജനന സർട്ടിഫിക്കറ്റ് തീയതി കൃത്യമായിരിക്കുകയും മറ്റു രേഖകളുമായി ഒത്തു പോകുകയും ചെയ്യണം.

പഞ്ചായത്തിലെ ജനന തീയതി പ്രശ്നം നേരിടുന്ന ലക്ഷകണക്കിന് ആളുകൾ കേരളത്തിൽ ഉണ്ട്. ഇവരാരും  പൌരത്വ പട്ടികയിൽ ഉൾപ്പെടില്ല.   1971നു മുൻപ് എസ്എസ്എൽസി ജയിച്ചിട്ടുണ്ട് എങ്കിൽ  എസ്എസ്എൽസി ബുക്കോ 1971 നു മുൻപ് സ്വന്തം പേരിൽ സ്ഥലമുണ്ടെങ്കിൽ സ്ഥലത്തിൻറെ  ആധാരത്തിൻറെ പകർപ്പോ ഹാജരാക്കിയാൽ മതിയാകും.എന്നാൽ 1971നു മുൻപ് പട്ടയം ഉള്ള സ്ഥലം ഇല്ലാത്തവരും എസ്എസ്എൽസി പാസ് ആകാത്തവരും ആയ ലക്ഷക്കണക്കിനാളുകൾ  കേരളത്തിൽ ഉണ്ടാകും. അവർക്കും1971 നു ശേഷം അവർക്ക്  ജനിച്ച മക്കൾക്കും ഈ ലിസ്റ്റിൽ ഇടം കണ്ടെത്താൻ കഴിയുകയില്ല .സ്വാഭാവികമായി കേരളത്തിൽപോലും ലക്ഷക്കണക്കിന് ആളുകൾ ഈ ലിസ്റ്റിൽ ഇടം പിടിക്കില്ല  .അങ്ങനെ വരുമ്പോൾ അവരുടെ മുന്നിലുള്ള പോംവഴി ഒന്നുകിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് പോവുക അല്ലെങ്കിൽ കേന്ദ്ര സർക്കാരുകൾ പണി കഴിപ്പിക്കുന്ന  ക്യാമ്പുകളിൽ ശിഷ്ടകാലം കഴിഞ്ഞുകൂടുക എന്നത് മാത്രമായിരിക്കും.

 കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച പാസാക്കിയ പൗരത്വ ബില് ഭേദഗതി  ഇക്കൂട്ടർക്ക് ബാധകമാവില്ല കാരണം കേരളത്തിൽ താമസിക്കുന്ന ആളുകളിൽ 99% ആളുകളും അഭയാർഥികളായി  പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ വന്നവരല്ല.അത് കൊണ്ടു ആ വഴിയിലും പൌരത്വ പട്ടികയിൽ മലയാളികൾ കയറിപറ്റില്ല. അപ്പോൾ ലിസ്റ്റിൽനിന്ന് പുറത്താക്കുന്ന ഏതാണ്ട് മുഴുവൻ പേർക്കും ഈ കഴിഞ്ഞ അമെന്റ്മെന്റിൽ കിട്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ സകല മതത്തിലും  ജാതിയിലും  പെട്ട ആളുകളും ഈ ലിസ്റ്റിൽ ഇടം പിടിക്കാതെ പോകും  എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .കേരളത്തിലെ അവസ്ഥ ഇതാണെങ്കിൽ  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ കൂടുതൽ  പരിതാപകരം ആയിരിക്കും.കാരണം  2019 തിൽ പോലും  സ്കൂൾ വിദ്യാഭ്യാസമോ സ്ഥലമോ സ്വന്തമായി വീടോ ഇല്ലാത്ത ലക്ഷകണക്കിനാളുകൾ ആ സംസ്ഥാനങ്ങളിൽ ഉണ്ട്.

 ഇത് എന്നെ ബാധിക്കില്ല മറ്റുള്ളവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് വിചാരിച്ച് ഇരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർ മനസ്സിലാക്കാൻ വേണ്ടി ഒരു കാര്യം കൂടി പറയാം. ആസാമിലെ പൗരത്വ ലിസ്റ്റിൽ പെടാതെ പുറത്തു പോയവരിൽ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ഫക്രുദ്ദീൻ അലിയുടെ കുടുംബാംഗങ്ങൾ ഉണ്ട്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്റെ കുടുംബം ഉണ്ട്. ഇന്ത്യൻ പ്രസിഡണ്ടിൽ നിന്ന് മികച്ച പട്ടാളക്കാരന്  ഉള്ള അവാർഡ് മേടിച്ച പട്ടാളക്കാരുടെ  കുടുംബങ്ങളുണ്ട്.  മന്ത്രിമാരുടെ കുടുംബാംഗങ്ങൾ ഉണ്ട്. സുപ്രീംകോടതി ജഡ്ജിമാരുടെ കുടുംബാംഗങ്ങൾ ഉണ്ട്. എല്ലാ ജാതിയിലും എല്ലാ സമുദായത്തിലും പെട്ട 19  ലക്ഷം പേർക്കാണ് ആസാമിൽ മാത്രം പൗരത്വ ലിസ്റ്റിൽ  ഇടം കിട്ടുന്നതിന് വേണ്ടിയുള്ള രേഖകൾ ഹാജരാക്കി  തെളിവ് കൊടുക്കാൻ  കഴിയാതെ പോയത്.സമൂഹത്തിന്റെ ഏത് ഉന്നത ശ്രേണിയിൽ പെട്ടവർ ആണെങ്കിലും നിങ്ങൾ പൗരത്വ ലിസ്റ്റിൽ നിന്നും പുറത്തു പോകാം.

 പൗരത്വ രജിസ്റ്റർ മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന ഒന്നാണോ ?

 വ്യാപകമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ആളുകളെ  തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടി മനപ്പൂർവമായി അഴിച്ചു വിടുന്ന  നുണപ്രചരണം ആണ് ഇത് .ഇത് സമൂഹത്തിനെ  മുസ്ലിം സമുദായത്തിനു നേരെ തിരിച്ചുകൊണ്ടു അതിന്റെ മറവിൽ ഈ ലിസ്റ്റ് ഉണ്ടാക്കുന്നത്തിനുള്ള ശ്രമത്തിന്റെ ഭാഗം ആയിട്ടുള്ള പ്രചരണം മാത്രം ആണ്.   സിറ്റിസൺ ഭേദഗതി ബില്ല് (CAB)(രാഷ്‌ട്രപതി ഒപ്പിട്ടതോടെ നിയമം ആയ CAA ) ആണു മുസ്ലീം സമൂഹത്തിനു ഹാനികരം ആയിട്ടുള്ളത്.
പൗരത്വ രജിസ്റ്റർ (NRC)മുസ്‌ലിം സമൂഹത്തിൽ ഉള്ളവർക്ക് മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത്.  രജിസ്റ്ററിൽ പേര് ചേർക്കാൻ  വേണ്ടത്ര രേഖകൾ ഹാജരാക്കാൻ കഴിയാതെ ഇരുന്നാൽ ജാതി-മത-രാഷ്ട്രീയ  ഭേദമില്ലാതെ  സകല വിഭാഗത്തിലും പെട്ട ആളുകൾക്കും അത് പ്രശ്നം ആകും. നമുക്ക് ഓരോരുത്തരും സർക്കാർ നിശ്ചയിച്ച 1971 നു മുൻപുള്ള ഏതൊക്കെ രേഖകൾ ഹാജർ ആക്കാൻ കഴിയും എന്ന്  സ്വയം ചിന്തിച്ചാൽ തന്നെ സംഭവത്തിന്റെ ഗൌരവം ബോധ്യപെടും..

ഓ.സി.ഐ കാർഡ് ഉള്ളവർ സേഫ് സോണിൽ ആണോ

അല്ല. കാരണം ഏതൊരു നിയമ ലംഘനത്തിന്റെ പേരിൽ ആണെങ്കിൽ പോലും നിലവിൽ ഉള്ള ഓ.സി.ഐ കാർഡ് ക്യാൻസൽ ചെയ്യാനുള്ള വ്യവസ്ഥ സർക്കാർ ഭേദഗതി  ബില്ലിൽ കൊണ്ടു വന്നിട്ടുണ്ട്. അതായത് ഒരു സോഷ്യൽ മീഡിയ പോസ്റ്റോ, ട്രാഫിക് നിയമ ലംഘനമോ പോലും ഓ.സി.ഐ കാർഡ് ഇല്ലാതാക്കും. സർക്കാർ പ്രതികാര നടപടിയോ വെക്തി വൈരാഗ്യം മൂലം ആരെങ്കിലും നിയമ ലംഘനം കാട്ടി പരാതി കൊടുത്താലോ ഓ.സി.ഐ കാർഡ് റദ്ദ് ചെയ്യാം.

അഭിലാഷ് തോമസ് ,
(സെക്രട്ടറി, ക്രാന്തി അയർലണ്ട് )

Share this news

Leave a Reply

%d bloggers like this: