ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ കൂടുതൽ വെല്ലുവിളി ഉയർത്തി മറ്റൊരു ഇ-മെയിൽ സന്ദേശം കൂടി പുറത്ത്…

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സെനറ്റ്. റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തമ്മില്‍ വിചാരണ നടപടിക്രമങ്ങളെ ചൊല്ലി തർക്കം തുടരുകയാണ്. അതിനിടെ ട്രംപിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റൊരു രേഖ കൂടെ പുറത്തുവന്നു. ട്രംപ് ഉക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്‌കിയുമായി ജൂലൈയില്‍ നടത്തിയ കുപ്രസിദ്ധമായ ഫോണ്‍ സംഭാഷണം കഴിഞ്ഞ് കേവലം ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ ഉക്രൈനു നല്‍കുമെന്ന് പ്രഖ്യാപിച്ച സൈനിക സഹായം മരവിപ്പിക്കാൻ പെന്റഗണ്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയിലുകളില്‍ തന്നെയാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഉള്ളത്.

ട്രംപിന്‍റെ ഉത്തരവ് വന്ന് മിനുട്ടുകള്‍ക്കുള്ളില്‍തന്നെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നതാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ട്രംപ് ഉക്രൈനെ സമീപിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉക്രൈന് യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. സമ്മർദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വതാൽപര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇ-മെയിലുകള്‍ അയച്ച നാഷണല്‍ സെക്യൂരിറ്റി പ്രോഗ്രാം അസോസിയേറ്റ് ഡയറക്ടർ മൈക്ക് ഡഫിയോട് സെനറ്റില്‍ നടക്കുന്ന തെളിവെടുപ്പില്‍ ഹാജരാകാന്‍ ഡെമോക്രാറ്റിക് സെനറ്റർമാരായ ചക് ഷുമേർ, ആമി ക്ലോബുചാർ എന്നിവര്‍ ആവശ്യപ്പെട്ടു. ഇംപീച്ച്‌മെന്റ് നടപടിയുടെ അടുത്ത ഘട്ടങ്ങളെച്ചൊല്ലി ഡെമോക്രാറ്റുകളും സെനറ്റിലെ റിപ്പബ്ലിക്കൻമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. അതിനിടെയാണ് റിപ്പബ്ലിക്കന്മാരെ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്.

‘ഉന്നതങ്ങളില്‍നിന്നും എനിക്ക് ലഭിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഉക്രൈനു നല്‍കുമെന്ന് പ്രഖ്യാപിച്ച സൈനിക സഹായം ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും പുനരവലോകനം ചെയ്യേണ്ടതുണ്ട്. അതിനാല്‍ എല്ലാ ഇടപാടുകളും മരവിപ്പിക്കുക’ എന്നാണ് മൈക്ക് ഡഫി അയച്ച ഒരു ഇ-മെയില്‍ സന്ദേശത്തിന്‍റെ ഉള്ളടക്കം.

Share this news

Leave a Reply

%d bloggers like this: