മാധ്യമപ്രവർത്തകന്റെ മരണം; അപകടത്തിന് മുൻപ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചത് അമിത വേഗതയിൽ തന്നെ; ഫോറൻസിക് ഫലം പുറത്ത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് മുൻപ് സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാറ് സഞ്ചരിച്ചിരുന്നത് വൻ‌ വേഗതയിലെന്ന് ഫോറന്‍സിക് ഫലം. അപകടത്തിന് മുൻപ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്നാണ് റിപ്പോർട്ടുകൾ.

വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാനായി പരിശോധിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വെള്ളയമ്പലത്തെ കെഎഫ്സിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യമാണ് ഫോറന്‍സിക് ലാബില്‍ അന്വേഷണ സംഘം പരിശോധയ്ക്ക് നൽ‌കിയിരുന്നത്. ഈ ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറി. വാഹനത്തിന്റെ വേഗം സംബന്ധിച്ച എന്‍എബിഎല്‍ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയ്യാറാക്കേണ്ട അന്തിമ റിപ്പോര്‍ട്ട് മാത്രമാണ് ഇനി നല്‍കാനുള്ളത്.

അതേസമയം, ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേസ് നടപടികൾക്ക് വേഗമേറുമെന്നാണ് കണക്കാക്കുന്നത്. ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു.

അപകടവും പിന്നീട് നടന്ന സംഭവങ്ങളും വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായായാണ് വിലയിരുത്തിയത്. സംഭവത്തിൽ ഡോക്ടർമാരെ പഴിചാരി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി. ഇതിനിടെയാണ് ശ്രീറാമിനെതിരെ ശക്തമായ തെളിവ് ലഭിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: