ക്രിസ്മസിനും ഹോങ്കോങ് ജനത തെരുവിൽ; പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരിക്ക്

ഹോങ്കോങ്: ക്രിസ്മസും പ്രക്ഷോഭ ദിനമാക്കി ഹോങ്കോങ് ജനത, പ്രക്ഷോഭത്തിനിടയിൽ ഇവർ ക്രിസ്മസും ആഘോഷിച്ചു. ക്രിസ്‍മസ് രാവില്‍ പ്രതിഷേധത്തിനിറങ്ങിയ ജനങ്ങള്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 25 പേര്‍ക്കാണ് പരിക്കേറ്റത്. ക്രിസ്‍മസ് രാത്രിയില്‍ തുടങ്ങിയ പ്രതിഷേധം അടുത്ത ദിവസം നേരം പുലര്‍ന്നിട്ടും തുടര്‍ന്നു. പോലീസിനെ പ്രതിരോധിക്കാൻ ചില കെട്ടിടങ്ങൾക്കും പ്രക്ഷോഭകാരികൾ തീയിട്ടു.

ക്രിസ്‍മസ് രാവില്‍ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധിക്കാനായി തെരുവുകളിലിറങ്ങിയത്. ഷോപ്പിങ് മാളുകളിലും തെരുവുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം സമരക്കാർ ഒത്തുകൂടി. നേരം വെളുത്തിട്ടും പലയിടത്തും പ്രതിഷേധങ്ങള്‍ അവസാനിച്ചിരുന്നില്ല. ജനാധിപത്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജനങ്ങള്‍ ഒത്തുകൂടിയത്.

മാസങ്ങളായി തുടരുന്ന അടിച്ചമര്‍ത്തല്‍ നയം തന്നെയാണ് പോലീസ് ക്രിസ്‍മസ് ദിവസവും സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും, റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് 25 പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റത്. മോങ് കോക്കിലും സിംഷാ സ്യൂയിലെ ഹോട്ടലിന് പുറത്തുമാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച ഷോപ്പിങ് മാളുകളില്‍ കുടുങ്ങിയവരുമായി പോലീസ് ഏറ്റുമുട്ടി.

Share this news

Leave a Reply

%d bloggers like this: