‘അവരെ മാവോയിസ്റ്റുകൾ ആക്കിമാറ്റിയത് പിണറായി വിജയൻ’; മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് കെ ആർ മീര

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും, താഹയെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എഴുത്തുകാരി കെആർ മീര. ഇവരെ ‘മാവോയിസ്റ്റുകളാക്കി’ തീർക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെആർ മീര വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമർശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഒരു പത്തൊമ്പതു വയസ്സുകാരനെ അഞ്ചു കൊല്ലമായി നിരീക്ഷിച്ച് നിരീക്ഷിച്ച് പഠിച്ചതിനുശേഷമാണ് അറസ്റ്റ് എന്ന് പോലീസ് പറയുന്നതു വിശ്വസിക്കാം. എന്തുകൊണ്ട് ഈ അഞ്ചു കൊല്ലത്തിനിടയില്‍ അവനെ തിരുത്താനും രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും ഇടപെടുത്താനും ശ്രമിക്കാതിരുന്നത് എന്നു ചോദിക്കാതിരിക്കാം.


എന്നാലും ചില നിര്‍ണായക ചോദ്യങ്ങള്‍ ബാക്കിയാണല്ലോ. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാര്‍ ലഘുലേഖ കൈവശം വച്ചതിന് അപ്പുറം എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ചെയ്തിരുന്നോ?
അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയോ നരഹത്യ നടത്തുകയോ ചെയ്തിരുന്നോ? അവരുടെ പക്കല്‍ നിന്ന് ആയുധശേഖരമോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ആക്രമണപദ്ധതികളുടെ ബ്ലൂ പ്രിന്‍റുകളോ പിടിച്ചെടുത്തിരുന്നോ?

അറസ്റ്റ് ചെയ്ത് രണ്ടു മാസമാകാറാകുമ്പോഴെങ്കിലും അവരുടെ പേരില്‍ യു.എ.പി.എ. ചുമത്താന്‍ ഇടയാക്കിയ തെളിവുകള്‍ പുറത്തു വരേണ്ടതല്ലേ? അവര്‍ മാവോയിസ്റ്റുകളാണ് എന്നു നിസ്സാരമായും ആത്മവിശ്വാസത്തോടെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ? ഇനി ഒരു ചോദ്യം കൂടിയുണ്ട്.മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടവച്ചു വിരിയിച്ച കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് മാവോയിസ്റ്റുകളാകുന്നു എന്ന ചോദ്യം. അതിന്‍റെ മാത്രം ഉത്തരം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. ഉത്തരം എല്ലാവര്‍ക്കും അറിയാം.
-മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: