ഹേമന്ത് സോറന്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 11ാമത് മുഖ്യമന്ത്രിയായി ജെഎംഎം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) നേതാവ് ഹേമന്ത് സോറന്‍ അധികാരമേറ്റു. റാഞ്ചിയിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവയുടെ സഖ്യമാണ് സംസ്ഥാനത്ത് ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയത്.

2018മേയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനമായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ലോക് താന്ത്രിക്ക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് അധികാരം നഷ്ടമായ രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമായി ജാര്‍ഖണ്ഡ്. ആകെയുള്ള 81 സീറ്റില്‍ 47 സീറ്റ് നേടിയാണ് ജെഎംഎം സഖ്യം അധികാരത്തിലെത്തിയത്. ജെഎംഎമ്മിന് 30 സീറ്റ്, കോണ്‍ഗ്രസിന് 16, ആര്‍ജെഡിക്ക് ഒന്ന് എന്നാണ് സഖ്യത്തിന്റെ കക്ഷിനില.

2000ല്‍ ബിഹാറിനെ വിഭജിച്ച് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത് മുതല്‍ ഇതുവരെ ഒമ്പത് മന്ത്രിസഭകളാണ് അധികാരത്തില്‍ വന്നത്. മൂന്ന് തവണ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേയ്ക്ക് പോയിരുന്നു. കാലാവധി തികച്ച ആദ്യ സര്‍ക്കാര്‍ രഘുബര്‍ ദാസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബിജെപി സര്ക്കാറായിരുന്നു.

Share this news

Leave a Reply

%d bloggers like this: