കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കി സി ബി ഐ റിപ്പോർട്ട് പുറത്തുവന്നു. മണിയുടെ മരണം കരൾ രോഗത്തെ തുടർന്നാണ് സംഭവിച്ചതെന്ന് റിപ്പോർട്ടൽ വ്യക്തമാക്കുന്നു. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എറണാകുളം സിജെഎം കോടതിയിലാണ് 35 പേജുളള അന്വേഷണ റിപ്പോർട്ട് സിബിഐ സംഘം സമർപ്പിച്ചത്. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ധ സംഘമാണ് സിബിഐക്ക് റിപ്പോർട്ട് നൽകിയത്.

കേസുമായി ബന്ധപ്പെട്ട് 7 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലിവർ സിറോസിസാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. രക്തത്തിലുള്ള മിഥൈൽ ആൽക്കഹോളിന്റെ അംശം അപകടകരമായ അളവിലുള്ളതായിരുന്നില്ല. കരൾ രോഗ ബാധിതനായ മണി അമിതമായ മദ്യ ഉപയോഗം തുടർന്നതിനാലാണ് രക്തത്തിൽ മിഥൈൽ ആൽക്കഹോളിന്റെ അംശം കലരാൻ ഇടയാക്കിയത് എന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.

രണ്ട് വർഷം നീണ്ടു നിന്ന അന്വേഷണങ്ങൾക്കൊടുവിലാണ് കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സിബിഐ സമർപ്പിക്കുന്നത്. 2016 മാർച്ചിലാണ് കലാഭവൻ മണി മരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് ബന്ധുക്കളുടെ ആവശ്യ പ്രകാരം അന്വേഷണം സിബിഐക്ക് കൈമാറികയായിരുന്നു. രക്തത്തിൽ മിഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിഷം കൊടുത്ത് കലാഭവൻ മണിയെ കൊലപ്പെടുത്തിയതാകാമെന്ന് ആരോപണം ഉയർന്നത്.

സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേരെ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെ അംശം പച്ചക്കറികൾ വേവിക്കാതെ കഴിച്ചതിനെ തുടർന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുർവേദ ലേഹ്യം കഴിച്ചതിനാലാണ് കഞ്ചാവിന്റെ അംശം രക്തത്തിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: