Friday, September 25, 2020

അയർലൻഡിന്റെ മത്സ്യപുരാണം (Goatsbridge Trout Farm)

Updated on 04-01-2020 at 8:47 am

Share this news

അയർലൻഡിന്റെ തെക്കുകിഴക്കേ പ്രവിശ്യയിലുള്ള കൗണ്ടി കിൽക്കനിക്കടുത്ത തോമസ്‌ ടൗൺ എന്ന മനോഹരമായ പ്രദേശത്താണ്‌ ‘ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌’ ഫാം( Goatsbridge Trout Farm ). സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെയും ഏറ്റവും വിപുലവുമായ ഒരു മത്സ്യവളർത്തൽ കേന്ദ്രമാണിത്‌. തണുപ്പ്‌ മേഖലയിലെ ശുദ്ധജലതടാകങ്ങളിലും പുഴകളിലും ധാരാളമായി കണ്ടുവരുന്ന സാൽമൺ കുടുംബത്തിലെ ‘റെയ്‌ൻബോ ട്രൗട്ട്‌’ എന്ന കച്ചവടമൂല്യമുള്ള മത്സ്യങ്ങളെയാണ്‌ ഇവിടെ വളർത്തുന്നത്‌. പച്ചപുതച്ച നോർ താഴ്‌വരയിലൂടെയൊഴുകുന്ന ലിറ്റിൽ ആർഗൽ നദിക്കരയിലെ ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌ ഫാമിന്‌ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്‌. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജെർപോയിന്റ്‌ ആശ്രമത്തിലെ സന്ന്യാസികളിൽനിന്ന്‌ തുടങ്ങുന്ന ഗോട്‌സ്‌ ബ്രിഡ്‌ജ്‌ പൈതൃകം, ഇന്ന്‌ ജെർ – മാഗ്‌കെർവിൻ ദമ്പതിമാരുടെ സംരക്ഷണയിലാണ്‌.

ഐറിഷ്‌ മിത്തോളജിയിൽ സാൽമണിനെക്കുറിച്ച്‌ അതീവഹൃദ്യമായ ഒരു മത്സ്യപുരാണമുണ്ട്‌. പണ്ടൊരിക്കൽ ബോയ്‌ൻ നദിക്കരയിൽ, അയർലൻഡിൽ അറിയപ്പെടുന്ന ബുദ്ധിമാനും കവിയുമായ ഫിനഗസ്‌ എന്നൊരാൾ ജീവിച്ചിരുന്നു. ലോകത്തിലെ എല്ലാ അറിവുകളും സ്വായത്തമാക്കുവാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. ബോയ്‌ൻ നദിയിലെ ‘അറിവിന്റെ മത്സ്യങ്ങൾ’ എന്നറിയപ്പെട്ടിരുന്ന സാൽമൺ മീനുകളെ ഭക്ഷിച്ചാൽ അത്‌ സാധ്യമാകുമെന്ന്‌ ഫിനഗസിന്‌ അറിയാമായിരുന്നു. അതിനായി സാൽമൺ മത്സ്യങ്ങളെ പിടിക്കുവാൻ പലകുറി ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടയിലാണ്‌ ഫിയന്നാ രാജ്യത്തെ യുവരാജാവായിരുന്ന ഫിയോൻ മക്‌കുൾ, കൂടുതൽ വിദ്യകൾ അഭ്യസിക്കാനായി ഫിനഗസിന്റെയടുത്തേക്ക്‌ അയയ്ക്കപ്പെട്ടത്‌. തന്റെ ഗുരുവായ ഫിനഗസിനെ പരിചരിക്കുന്നതിനിടയിൽ ഗുരുവിനടുത്തുനിന്ന്‌ ഫിയോൻ രാജകുമാരൻ പല വിദ്യകളും പഠിച്ചു. ഒരുദിവസം ഫിനഗസ്‌ പതിവുപോലെ പുഴയിൽനിന്ന്‌ മീൻ പിടിക്കുന്നതിനിടെ, ഒരു സാൽമൺ മത്സ്യത്തെ പിടികൂടി. വർധിച്ച ആഹ്ലാദത്തോടെ ശിഷ്യനായ ഫിേയാനോട്‌ ഉടനെ തന്നെ തീ കൂട്ടി ആ മത്സ്യത്തെ വേവിച്ച്‌ നൽകുവാൻ ആവശ്യപ്പെട്ടു. പക്ഷേ ഫിനഗസിന്റെ അനുവാദമില്ലാതെ ഒരു തരിപോലും അതിൽനിന്നു ഭക്ഷിക്കുവാൻ പാടില്ലെന്നും നിഷ്‌കർഷിച്ചു. കാലങ്ങളായി താൻ കൊണ്ടുനടക്കുന്ന വലിയ ആഗ്രഹസാക്ഷാത്‌കാരം സ്വപ്നം കണ്ട്‌, വിറകുകൾ ശേഖരിക്കുവാൻ ഫിനഗസ്‌ തൊട്ടടുത്ത കാട്ടിലേക്ക്‌ പോയി. തിരിച്ചുവന്നപ്പോൾ അദ്ദേഹം കണ്ടത്‌ വേവിച്ച സാൽമൺ മത്സ്യവുമായി കാത്തുനിൽക്കുന്ന ഫിയോനെയായിരുന്നു. എങ്കിലും ഫിയോന്റെ കണ്ണുകൾ പതിവില്ലാത്തവിധം തിളങ്ങുന്നത്‌ ഫിനഗസ്‌ ശ്രദ്ധിച്ചു. ‘നീ ഈ മത്സ്യത്തിൽനിന്ന്‌ ഭക്ഷിച്ചോ?’ എന്ന്‌ ഗുരു ചോദിച്ചു. ഫിേയാൻ നിഷ്‌കളങ്കമായിത്തന്നെ ഇല്ലെന്ന്‌ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, സാൽമൺ മത്സ്യത്തെ വേവിക്കുന്നതിനിടയിൽ അവന്റെ കൈവിരൽ അറിയാതെ വെന്തുകൊണ്ടിരുന്ന മത്സ്യത്തിന്റെ ശരീരത്തിൽ സ്പർശിച്ചെന്നും, പൊള്ളിയയുടൻ വേദന മാറാനായി പെട്ടന്ന്‌ കൈവിരൽ വായിലിട്ടുവെന്നും ഫിനഗസിനെ അറിയിച്ചു. ഫിനഗസിന്‌ കാര്യം മനസ്സിലായി. അദ്ദേഹം ഭയന്നുനിന്നിരുന്ന ഫിയാനോട്‌ ആ അറിവിന്റെ മത്സ്യം മുഴുവനായി ഭക്ഷിച്ചുകൊള്ളുവാൻ നിർദേശിച്ചു. ലോകത്തിന്റെ അറിവുകളെല്ലാം ഫിയോൻ രാജകുമാരനിലേക്ക്‌ പ്രവഹിച്ചുവെന്നും പിന്നീട്‌ ജേതാവും പോരാളിയുമായ രാജാവായി അയർലൻഡിനെ ഭരിച്ചുവെന്നുമാണ്‌ ഐതിഹ്യം.

ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌ ഫാമിന്റെ ഇന്നത്തെ ഉടമകളായ ജെർ-മാഗ്‌ ദമ്പതിമാരുടെ മാതാപിതാക്കൾ, ബോയ്‌ൻ നദിക്കരയിൽ 1962-ൽ തുടങ്ങിയതാണ്‌ ഈ ഫാം. അയർലൻഡിൽ വ്യാപിച്ചുകിടക്കുന്ന ഈ വ്യവസായ ശൃംഖലയുടെ ഇന്നത്തെ വളർച്ചയുടെ പ്രധാനകാരണങ്ങളിലൊന്ന്‌ ജെർ കെർവിന്റെ ദീർഘവീക്ഷണവും കഠിനപ്രയത്നവുമാണ്‌. ജെർ-മാഗ്‌ ദമ്പതിമാർ തന്നെയാണ്‌ നേരിട്ട്‌ ട്രൗട്ട്‌ ഫാമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്‌. അഞ്ഞൂറ്‌ മുതൽ തൊള്ളായിരം ടൺ വരെ മത്സ്യങ്ങൾ ഇവിടെനിന്നും കയറ്റുമതി ചെയ്യുന്നു.
ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌ ഫാം ഗ്രൂപ്പിന്റെ ക്വാളിറ്റി അഷ്വറൻസ്‌ മാനേജരായി പ്രവർത്തിച്ചുവരുന്നത്‌ പാലാ ഭരണങ്ങാനം സ്വദേശിനിയായ പാർവതി ഷിജോ ആണ്‌. അയർലൻഡിൽ മത്സ്യവളർത്തൽ മേഖലയിലെ ഏക മലയാളിസാന്നിധ്യമായ പാർവതി, ഫുഡ്‌ സയൻസിൽ ബിരുദവും ഡബ്ലിനിലെ പ്രസിദ്ധമായ യൂണിവേഴ്‌സിറ്റി ഓഫ്‌ ഡബ്ലിനിൽനിന്ന്‌ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്‌.

comments


 

Other news in this section
WhatsApp chat