എന്താണ് നിഗൂഢ ഭരണകൂടം? രൂപേഷ് ഒ.ബി എഴുതുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിഗൂഢ ഭരണകൂടം (deep state) എന്ന ആശയം പരിചയപ്പെടുന്നത് ഇന്ത്യന്‍ ഭരണകൂടത്തെ മനസിലാക്കുന്നതിന് സഹായകമാണെന്ന് തോനുന്നു. സര്‍ക്കാരിനുളളിലെ മറ്റൊരു സര്‍ക്കാരാണ് നിഗൂഢ ഭരണകൂടം. അതൊരു അദ്രുശ്യ സര്‍ക്കാരാണ്. നമുക്കത് നേരിട്ട് കാണാന്‍ കഴിയില്ല. എന്നാല്‍ അതിന്റെ ഫലം അനുഭവിക്കാന്‍ കഴിയും. വിവിധ അധികാര കേന്ദ്രങ്ങളുടെ ഒരു രഹസ്യ ശ്രുംഖലയാണത്. അധികാര മോഹികളും, പദവിമോഹികളും, ഭരണകൂടത്തോട് പ്രതിബന്ധതയുളളവരും, ഉന്നത ഉദ്യോഗസ്ഥരും മറ്റും അടങ്ങുന്നതാണ് ഈ ശ്രുംഖല. സൈന്യം, പോലീസ്, രഹസ്യപൊലീസ്, ഐ.എ.എസ്., ഐ.പി.എസ്., ഉദ്യോഗസ്ഥര്‍, ന്യായാധിപര്‍, ഗവര്‍ണ്ണര്‍, സര്‍വകലാശാലാ അധികാരികള്‍, പത്ര സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടനവധിപേര്‍ ഇതില്‍ കണ്ണികളാണ്. ഈ പട്ടിക ഇനിയും നമുക്കു നീട്ടാവുന്നതാണ്. റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂട പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഈ പദം രാഷ്ടീയ ചിന്തകര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ രാജ്യങ്ങളിലെ നിഗൂഢ ഭരണകൂടത്തിന്റെ പ്രവര്‍ത്തന സ്വഭാവങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യയിലെ അതിന്റെ പ്രവര്‍ത്തനം. 


വര്‍ത്തമാനകാല ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മൂനു സവിശേഷതകളെ സ്വാംശീകരിച്ചും, അവയുമായി ബന്ധപ്പെട്ടുമാണ്  നിഗൂഢ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ആ സവിശേഷതകള്‍ ഇവയാണ് 1) ജനാധിപത്യ വിരുദ്ധതയും, മുസ്ലീം വിരുദ്ധ വംശീയതയും, 2) ബ്രാഹമണിക്കല്‍ മൂല്യങ്ങളെ ഉറപ്പിച്ചെടുക്കുകയും, അതിനു മധ്യ ജാതി വിഭാഗങ്ങളെയും, ദളിത് വിഭാഗങ്ങളേയും, കൂടെനിര്‍ത്തുകയും ചെയ്യുക. അതേസമയം ജാതി മര്‍ദ്ദനം തുടരുക 3) ചങ്ങാത്ത മുതലാളിത്തം മൂലധന സമാഹരണത്തിനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും പ്രയൊജനപ്പെടുത്തുക. ഒന്നാമത്തെ പ്രത്യേകത ആര്‍.എസ്.എസ് –ന്റെ ജനിതക ഘടനയില്‍ തുടക്കം മുതല്‍ ഉളളതാണെങ്കില്‍ രണ്ടാമത്തേത് തുടക്കം മുതല്‍ ഉളളതും, പില്‍ക്കാലത്ത് പലതരം തന്ത്രങ്ങളിലൂടെ വികസിപ്പിച്ചതുമാണ്. മൂനാമത്തെ ഘടകം ഇന്ത്യന്‍ സമ്പദ്ഘടനയുടെ സവിശേഷ സ്വഭാവം കാരണം കഴിഞ്ഞ രണ്ട്ദശകങ്ങളായി രൂപപ്പെട്ടു വന്നതാണ്. ഈ പ്രത്യേകതകളാണ് ഇന്ത്യയിലെ നിഗൂഢ ഭരണകൂടത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. 


ഇത് നമുക്കു അടുത്തകാലത്ത് നടന്ന നിരവധി സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാകും. ജെ.എന്‍.യു- ല്‍ നടന്ന അക്രമണത്തില്‍, ജാമിയയിലേയും, അലിഗര്‍ സര്‍വകലാശാലയിലെയും പോലീസ് അതിക്രമത്തില്‍, സൈനിക തലവന്റെ രാഷ്ട്രീയ പ്രസ്താവനയില്‍, കേരള ഗവര്‍ണ്ണറുടെ കീഴ്വഴക്കം ലംഘിച്ചുളള രാഷ്ടീയ ഇടപെടലുകളില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍, നീതി രഹിതമൊ അവ്യക്തമൊ ആയ കോടതി വിധികളില്‍, സി.ബി.ഐ നടത്തുന്ന റൈഡുകളില്‍, അങ്ങനെ നിരവധി സംഭവങ്ങളില്‍ നിഗൂഢ ഭരണകൂടം പ്രവര്‍ത്തിക്കുന്നു. അതിലെ രഹസ്യ ബന്ധം നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ അത് വ്യക്തവുമാണ്. പൊലീസ് എത്ര പ്രത്യക്ഷമായാണ് ജെ.എന്‍.യു. വിലെ അക്രമകാരികളുമായി സഹകരിച്ചതെന്ന് നോക്കൂ. അവരെ അക്രമത്തിന് അനുവദിക്കുകയും, സംരക്ഷിക്കുകയും ചെയ്ത പൊലീസ് നിഗൂഢ ഭരണകൂടത്തിന്റെ ഭാഗമാണ്. ദല്‍ഹിയിലെ ‘പ്രശ്നക്കാരെ’ കൈകാ‍ര്യം ചെയ്യേണ്ട സമയമായി എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞ് അധിക ദിവസമായില്ല. അപ്പോഴേക്കും അതിന്റെ സന്ദേശം ദല്‍ഹി പോലീസും, അക്രമി സംഘവും ഏറ്റെടുത്തു നടപ്പിലാക്കി. ഇനി അവര്‍ അക്രമത്തെ അപലപിക്കും, അന്വേഷണം പ്രഖ്യാപിക്കും, ചിലപ്പൊള്‍ ചിലരെ അറസ്റ്റ്ചെയ്യുകതന്നെ ചെയ്തേക്കും. എന്നാല്‍ അവര്‍ പലഘട്ടങ്ങളിലായി സുരക്ഷിതമായി നിയമത്തിന്റെ കൈകളില്‍നിന്ന് ഊരിപ്പോരും. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നമ്മളത് കണ്ടതാണ്. യു.പി. പോലീസ് നേരിട്ട് മുസ്ലീംങ്ങള്‍ക്കു നെരെ അഴിച്ചുവിടുന്ന ആക്രമണം ഹിന്ദുത്വ ആശയത്തെ സ്വാംശീകരിച്ചതിന്റെ ഭാഗമാണ്. നിഗൂഢ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം വെളിപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്.


ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ പത്രങ്ങളുടെ പങ്ക് അതുല്യമാണെന്ന് നമുക്കറിയാം. എന്നാല്‍ ഇന്നത്തെ ജനാധിപത്യ വിരുദ്ധതയിലും, വിദ്വേഷ പ്രചരണത്തിലും, അശ്ലീല രാഷ്ട്രീയത്തിനും നിര്‍ലോപമായ പിന്തുണ നല്‍കുന്നതും അവരാണ്. നിഗൂഢ ഭരണകൂടത്തിലെ പങ്കാളികളാണവര്‍. ദേശീയവും പ്രാദേശികവുമായ പത്രങ്ങളും, ടെലിവിഷന്‍ ചാനലുകളും, സ്വമേധയും, പ്രലൊഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങിയും ഇതില്‍ പങ്കാളികളാകുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാതെയും, വാര്‍ത്തകള്‍ മുക്കിയും, തെറ്റായ വാര്‍ത്തകള്‍ സ്രുഷ്ടിച്ചും, ഭരണകൂടത്തിന്റെ എല്ലാ വ്രുത്തികേടുകള്‍ക്കും അത് കൂട്ട്നില്‍ക്കുന്നു. മലയാള മാധ്യമങ്ങളും ഇതില്‍നിന്നും വെത്യസ്തമല്ല.


ഈ നിഗൂഢ ഭരണകൂടത്തിന് എപ്പോഴും ഉന്നത നേത്രുത്വത്തില്‍നിന്നുളള നിര്‍ദ്ദേശം ആവശ്യമില്ല. അത് സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുളളതാണ്. ഹിന്ദുത്വത്തിന്റെ ആശയാവലികള്‍ സ്വാംശീകരിച്ച് അവ സ്വയം പ്രവര്‍ത്തിക്കും. അതിന് ബി.ജെ.പി. ഭരിക്കുന്ന ഇടങ്ങള്‍തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. യു.പി. –ല്‍ എന്നപൊലെ അത് കേരളത്തിലും, തമിഴ് നാട്ടിലും പ്രവര്‍ത്തിക്കും. ഇസ്ലാമൊ ഫോബിയയും, മുസ്ലീം വിരുദ്ധ മുന്‍വിധികളും അഴിച്ചുവിടും, ജനാധിപത്യ സ്ഥാപനങ്ങളേയും, മൂല്യങ്ങളേയും തകര്‍ക്കും. അവരുടെ സംഘടനാ ചരിത്രത്തില്‍ മനുഷ്യസ്നേഹത്തിലൂനിയ പ്രവര്‍ത്തനങ്ങളില്ലല്ലൊ. 
നിഗൂഢ ഭരണകൂടത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന നിരവധി സംഘടിത സേനകള്‍ സംഘപരിവാറിന്റെ ഭാഗമായും, സമാന ആശയങ്ങള്‍ സ്വീകരിച്ചും പ്രവര്‍ത്തിക്കുന്നവയായുണ്ട്. അവരാണ് ജെ.എന്‍.യു-ല്‍ അക്രമം അഴിച്ചുവിട്ടത്, മാലേഗാവ് സ്ഫോടനങ്ങള്‍ നടത്തിയത്, അവരാണ് ഗൌരി ലങ്കേഷിനെയും, പന്‍സാരെയെയും, കല്‍ബുര്‍ഗിയെയും മറ്റും കൊന്നത്. അവര്‍തന്നെയാണ് അഖ്ലാക്കിനെയും, മറ്റ്നിരവധിപേരെയും ആള്‍കൂട്ട കൊലക്കു വിധേയമാക്കിയത്. നീതിപീഠത്തില്‍നിന്നും കൊലയാളികളെ രക്ഷിച്ചത്. അര്‍.എസ്.എസ്, ബജ്രഗ് ദള്‍, വി.എച്ച്.പി, ഹനുമാന്‍ സേന, സനാതന്‍ സന്‍സ്ഥ തുടങ്ങി പലപേരുകളില്‍ അത് അറിയപ്പെടുന്നു. 
നിഗൂഢ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം രാജ്യമൊട്ടാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങളും, വ്യക്തികളും അതില്‍ ഭാഗവാക്കാവുന്നുണ്ട്. പൌരത്വ ഭേദഗതി നിയമവും, ദേശീയ പൌരത്വ പട്ടികയും, ദേശീയ ജനസംഖ്യാ പട്ടികയും,  നിഗൂഢ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒരു പടികൂടി കടന്ന് ഭരണകൂടം നേരിട്ടു വംശഹത്യയും, മനുഷ്യത്വ വിരുദ്ധതയും ഏറ്റെടുക്കുന്നതിനുളള മുന്നൊരുക്കമാണ്. അതൊടെ ഫാസിസം അതിന്റെ പൂര്‍ണ്ണരൂപം പ്രകടമാക്കും. അതുകൊണ്ട്തന്നെ ഇത് ചെറുത്ത്നില്‍പ്പിനുളള അടിയന്തര ഘട്ടമാണ്.


Dr. O B Rupesh –
IIT Bombay, Depart of Humanities and Social Sciences, Research Associate

Share this news

Leave a Reply

%d bloggers like this: