ബിഗ് ബ്രദര്‍ അഥവാ വല്ല്യേട്ടന്‍

പതിറ്റാണ്ടിലെ ആദ്യ മോഹൻലാൽ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലർ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തിൽ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തിൽ സച്ചിദാനന്ദൻ. എന്നിരുന്നാലും അകാരണമായി അയാളുടെ ശിക്ഷ 24 വർഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ കടക്കുന്നതോടെ സച്ചിദാനന്ദന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു.

ഷോഷാങ് റിഡംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിലേതിന് സമാനമായി ആയുസ്സിന്റെ ഒരു വലിയ പങ്കും ജയിലിൽ ചെലവഴിച്ച സച്ചിദാനന്ദന് പുറംലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. സഹോദരൻ മനുവിന്റെ ശക്തമായ ഇടപെടൽ മൂലം ജയിൽ മോചിതനായി വീട്ടിലെത്തിയ സച്ചിദാനന്ദൻ തുടക്കത്തിൽ കടുത്ത മാനസിക വിഷമമാണ് അനുഭവിക്കുന്നത്. പ്രശ്നങ്ങളെ അതിജീവിച്ച് പുറംലോകവുമായി പൊരുത്തപ്പെടുന്ന സച്ചിദാനന്ദൻ സ്വസ്ഥമായ ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാൽ അയാളുടെ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങൾ സച്ചിദാനന്ദന്റെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നു.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന സംഘട്ടന രംഗങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് സംഘട്ടന രംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ത്രില്ലറായതിനാൽ എല്ലാതരത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന ചേരുവകൾ സംവിധായകൻ ചിത്രത്തിൽ ചേർത്തിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതവും ജീത്തു ദാമോദറിന്റെ ഛായാഗ്രഹണവുമെല്ലാം കഥാപശ്ചാത്തലത്തോട് ചേർന്ന് നിൽക്കുന്നു.

ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമെന്ന നിലയിലും ബിഗ് ബ്രദർ വാർത്തകളിലിടം നേടിയിരുന്നു. മയക്കു മരുന്നു മാഫിയയിലെ അംഗങ്ങളെ എൻകൗണ്ടറിലൂടെ കൊന്നൊടുക്കുന്ന വേദാന്തം ഐ.പി.എസ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ അർബാസ് ഖാൻ അവതരിപ്പിക്കുന്നത്. സർജാനോ ഖാലിദ്, സിദ്ദീഖ്, ഹണി റോസ്, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷണൻ, ഇർഷാദ്, ടിനി ടോം എന്നിവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി.

Share this news

Leave a Reply

%d bloggers like this: