രാവിലെ നോക്കിയാല്‍ മൂന്നു പേരെയും കൊണ്ട് 400കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം!

നവനീത്

അന്താരാഷ്ട്ര ബഹിരാകാശനിലയം അഥവാ International Space Station നേരിട്ടു കാണാന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഒക്കെ അവസരമുണ്ട്. ഭൂമിയില്‍നിന്ന് ഏതാണ്ട് നാഞ്ഞൂറ് കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ ചുറ്റുന്നത്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയിലാണ് ഈ ചുറ്റല്‍ എന്നും മറക്കരുത്.

നാളെ (19-2-20) 5.37 മുതല്‍ അഞ്ച് മിനിറ്റോളം നിലയത്തെ ആകാശത്ത് കാണാം. മൂന്നു പേര്‍ അതില്‍ താമസിക്കുന്നുണ്ട് എന്ന കാര്യം ഓര്‍ക്കണേ. തെക്കുപടിഞ്ഞാറായി ഏതാണ്ട് 30 ഡിഗ്രി ഉയരത്തിലാവും നിലയം കണ്ടുതുടങ്ങുക. നല്ല തെളിച്ചമുള്ള ഒരു നക്ഷത്രം അത്ര ചെറുതല്ലാത്ത വേഗതയില്‍ ആകാശത്തുകൂടി നീങ്ങുന്നപോലെയാവും ഈ കാഴ്ച. വടക്കുപടിഞ്ഞാറ് ഏതാണ്ട് 10‍ഡിഗ്രി ഉയരത്തില്‍വച്ച് നിലയം അസ്തമിക്കും. അത്യാവശ്യം നല്ല തിളക്കമുള്ളതിനാല്‍ എളുപ്പത്തില്‍ തിരിച്ചറിയാനാവും. നല്ല ടെലിസ്കോപ്പോ മികച്ച ക്യാമറയോ ഒക്കെ ഉണ്ടെങ്കില്‍ നിലയത്തിന്റെ ആകൃതിയും കാണാനാവും.

നിലവില്‍ മൂന്നു പേരാണ് നിലയത്തില്‍ താമസിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ക്രിസ്റ്റീന കോക് ഉള്‍പ്പടെയുള്ള ആസ്ട്രനോട്ടുകള്‍ ഇതില്‍നിന്ന് ഭൂമിയിലേക്ക് തിരിച്ചെത്തിയത് വായിച്ചിരിക്കുമല്ലോ. ഇനി ഏപ്രില്‍ മാസത്തിലാണ് അടുത്ത മൂന്ന് പേര്‍ കൂടി നിലയത്തിലേക്ക് എത്തുക. ആറ് പേര്‍ക്ക് ദീര്‍ഘകാലം താമസിക്കാനുള്ള സൗകര്യമാണ് നിലയത്തിലുള്ളത്.

അപ്പോള്‍ രാവിലെ 5.30മുതല്‍ കാത്തിരിക്കൂ. 5.40ന് കാഴ്ച അവസാനിക്കും.

രാവിലെ ഇതിനൊപ്പം ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെയും ചന്ദ്രനെയും ഏതാണ്ട് നേര്‍രേഖയില്‍ കാണാം. കിഴക്കുദിക്കില്‍ ചക്രവാളത്തോട് ചേര്‍ന്നാവും മൂന്ന് ഗ്രഹങ്ങളും.
ഏറ്റവും താഴെ ശനി, തൊട്ടു മുകളില്‍ വ്യാഴം, പിന്നെ ചന്ദ്രന്‍, ഏറ്റവും ഉയരത്തില്‍ ചൊവ്വ. ഇങ്ങനെയാവും സ്ഥാനം.

Share this news

Leave a Reply

%d bloggers like this: