മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയം; ട്രംപിന്റെ ‘സമാധാന’ പദ്ധതിക്കെതിരെ പോപ്പ്

ബാരി : ഇസ്രയേൽ–-പലസ്‌തീൻ സംഘർഷത്തിന്‌ അന്യായമായ ‘പരിഹാര’ങ്ങൾ നിർദേശിക്കുന്നതിനെതിരെ ഫ്രാൻസിസ്‌ മാർപാപ്പ. അത്തരം നിർദേശങ്ങൾ പുതിയ പ്രതിസന്ധികൾക്ക്‌ മുന്നോടി മാത്രമായി മാറുമെന്ന്‌ മാർപാപ്പ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ മധ്യപൗരസ്‌ത്യ ‘സമാധാന’ പദ്ധതിയുടെ പേര്‌ പറയാതെയാണ്‌ അത്‌ കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്ന്‌ മാർപാപ്പ മുന്നറിയിപ്പ്‌ നൽകിയത്‌. മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
തെക്കൻ ഇറ്റലിയിലെ തുറമുഖനഗരമായ ബാരിയിൽ മധ്യധരണ്യാഴി മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പോപ്പ്‌. ജെറുസലെമും വെസ്‌റ്റ്‌ബാങ്കിലെയും ജോർദാൻ താഴ്‌വരയിലെയും അധിനിവേശപ്രദേശങ്ങളും പൂർണമായി ഇസ്രയേലിന്റേ താക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ജനുവരി 28നാണ്‌ ട്രംപ്‌ പ്രഖ്യാപിച്ചത്‌. 2018ൽ ഇസ്രയേലിലെ അമേരിക്കൻ എംബസി ജെറുസലെമിലേക്ക്‌ മാറ്റുന്നത്‌ ട്രംപ്‌ പ്രഖ്യാപിച്ചപ്പോഴും യുഎൻ പ്രമേയങ്ങൾക്കെതിരായ നീക്കത്തിൽ മാർപാപ്പ ഉൽക്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
മധ്യപൂർവദേശത്തും ഉത്തര ആഫ്രിക്കയിലുമായി മധ്യധരണ്യാഴി മേഖല അസ്ഥിരതയുടെയും സംഘർഷങ്ങളുടെയും വെല്ലുവിളി നേരിടുകയാണെന്ന്‌ പോപ്പ്‌ പറഞ്ഞു. അന്യായമായ പരിഹാരങ്ങളുടെ അപകടം പുതിയ പ്രതിസന്ധികൾക്ക്‌ മുന്നോടിയാകുമ്പോൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഇസ്രയേൽ–-പലസ്‌തീൻ പ്രശ്‌നം അവഗണിക്കാനാകില്ല. സമാധാനത്തിന്‌ യുക്തിസഹമായ ബദലില്ല. ചൂഷണത്തിനും ആധിപത്യത്തിനുമുള്ള ഏത്‌ ശ്രമവും അത്‌ ചെയ്യുന്നയാൾക്കും ഇരയ്‌ക്കും ദോഷമാണ്‌.
കൈയടി നേടാൻ ചില നേതാക്കൾ നടത്തുന്ന പ്രസംഗങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന്‌ പോപ്പ്‌ പറഞ്ഞു. സംഘർഷങ്ങളിൽനിന്നും കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളിൽനിന്നും രക്ഷപ്പെടാൻ അഭയാർഥികൾ നടത്തുന്ന പലായനങ്ങളെ അധിനിവേശം എന്ന്‌ വിശേഷിപ്പിക്കുന്നതിനെ അദ്ദേഹം  വിമർശിച്ചു. മതിലുകൾ കെട്ടിപ്പൊക്കി പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നത്‌ അചിന്തനീയമാണെന്നും പോപ്പ്‌ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: