അയർലണ്ടിലും ശുക്രനെ തിരിച്ചറിയാന്‍ അവസരം! ഇത് പാഴാക്കരുത്!

നവനീത് എസ്സ് കൃഷ്ണൻ

ശുക്രനെ കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. പക്ഷേ അത് ശുക്രനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മിക്കവരും അത് ഏതോ നക്ഷത്രമാണെന്നു കരുതി അധികം ശ്രദ്ധിക്കാതെ പോവുകയാണു പതിവ്. എന്തായാലും ഇപ്പോള്‍ ശുക്രനെ കാണാന്‍ ഏറ്റവും പറ്റിയ സമയമാണ്. നാളെയും മറ്റന്നാളും അതിന്റെ പിറ്റേന്നും ചന്ദ്രന്റെ ഏതാണ്ട് അടുത്തായി ശുക്രനെ കണ്ടെത്താനാകും. ചന്ദ്രനെ എല്ലാവര്‍ക്കും തിരിച്ചറിയാമല്ലോ. അതിന്റെ അടുത്തായതിനാല്‍ ശുക്രനെ തിരിച്ചറിയാന്‍ എളുപ്പമാണ്.

ബുധനാഴ്ച (26-02-20) സന്ധ്യയ്ക്ക് ചന്ദ്രനെ നോക്കുക. പടിഞ്ഞാറേ ആകാശത്തില്‍ ചക്രവാളത്തോടു ചേര്‍ന്നാകും ചന്ദ്രന്‍. ചന്ദ്രന്റെ അല്പം മുകളിലായി നല്ല തെളിച്ചത്തോടെ ഒരു നക്ഷത്രം കാണാം. ശരിക്കും അത് നക്ഷത്രമല്ല, ശുക്രനാണ്. ശുക്രന്‍ എന്ന ഗ്രഹമാണ്.
വ്യാഴാഴ്ച, അതായത് 27-02-20 ന് സന്ധ്യ മുതല്‍ ചന്ദ്രനെയും ശുക്രനെയും വളരെ അടുത്തായി കാണാം. ഒരു വരിയില്‍ നില്‍ക്കുന്നപോലെയാവും അവര്‍.

പിറ്റേ ദിവസം, അതായത് 28-02-2020ന് ചന്ദ്രന്റെ താഴെയായിട്ടാവും ശുക്രനെ കാണുക. ശുക്രനോളം തെളിച്ചമില്ല ഒരു നക്ഷത്രത്തിനും. അതിനാല്‍ ചന്ദ്രനരികില്‍ ശുക്രനെ തിരിച്ചറിയുക വളരെ എളുപ്പമാണ്.

ബുധനാഴ്ചയും വ്യാഴാഴ്ചയും ചന്ദ്രന്‍ അധികം വൈകുന്നതിനു മുന്‍പ് അസ്തമിക്കും. അതിനാല്‍ ഏഴുമണിക്കൊക്കെ മുന്‍പു നോക്കുന്നതാണ് നല്ലത്.

അതിനുശേഷമുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍ ശുക്രനില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകന്ന് പോവും. പക്ഷേ ശുക്രന്‍ ഏതാണ്ട് അവിടെത്തന്നെ കുറച്ചുകാലംകൂടി കാണും. അതിനാല്‍ പിന്നീടുള്ള ദിവസങ്ങളിലും അതേ ഇടത്തിലേക്കു നോക്കാന്‍ മടിക്കേണ്ടതില്ല.

—നവനീത്…

ചിത്രം: 28-02-2020ന് ഏഴരമണിക്കുള്ള ചന്ദ്രന്റെയും ശുക്രന്റെയും സ്ഥാനം. സ്റ്റെല്ലേറിയത്തില്‍ എടുത്ത സ്ക്രീന്‍ഷോട്ട്.

Share this news

Leave a Reply

%d bloggers like this: