കൊറോണ വൈറസ് വ്യാപനം : യൂറോപ്യൻ യൂണിയനിലേക്ക് 30 ദിവസത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി യൂറോപ്യൻ യൂണിയൻ മറ്റു രാജ്യങ്ങളിൽ  നിന്നുള്ള യാത്രക്കാർക്ക് 30 ദിവസത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചെല മെർക്കൽ അറിയിച്ചു.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ കൂട്ടായ്മ നടത്തിയ ചർച്ചയ്ക്കൊടുവിലാണ്‌ അവർ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.  അംഗരാജ്യങ്ങൾ പ്രവേശന നിരോധനം ഏർപ്പെടുത്താൻ സമ്മതിച്ചതായും EFTA   രാജ്യങ്ങളിലെ പൗരൻമാരെയും ബ്രിട്ടനിലെ പൗരന്മാരെയും  നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മെർക്കൽ അറിയിച്ചു.

30 ദിവസത്തേക്കുള്ള നിരോധനം  ജർമ്മനി ഉടൻ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. COVID-19 പകർച്ചവ്യാധി തടയുന്നതിനായി നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരുടെ യാത്രകൾ വെട്ടിക്കുറച്ചിരുന്നു.
വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യൂറോപ്യൻ യൂണിയനിലെ പൗരൻമാരെ  തിരികെ കൊണ്ടുവരാൻ നടപടികൾ  സ്വീകരിക്കുന്നുണ്ടെന്നും മെർക്കൽ പറഞ്ഞു.

ഐറിഷ് പ്രധാനമന്ത്രി  ലിയോ വരദ്കർ  പങ്കെടുത്ത യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള വീഡിയോ കോൺഫറൻസിൽ അതിർത്തികൾ കൈകാര്യം ചെയ്യൽ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ,
മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ വിതരണം ഉറപ്പാക്കുക, മറ്റ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരെ തിരികെ കൊണ്ടുവരുക തുടങ്ങി നിരവധി അടിയന്തിര ആവശ്യങ്ങൾ ചർച്ച ചെയ്തു.

പരമാവധി യാത്രകൾ ഒഴിവാക്കാനും, അതിർത്തികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു നടത്തിയ പഠന കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങളും ചർച്ചയിൽ അംഗീകരിച്ചു. ഈ പ്രതിസന്ധിയെ മറികടക്കാൻ അംഗരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു.
പൗരൻമാരുടെ ജീവൻ രക്ഷിക്കുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ലഭ്യമായ എല്ലാ സംവിധാനങ്ങളും പരമാവധി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

സാമ്പത്തിക നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തി.
ബ്രസൽസിൽ വച്ച് നടത്താനിരുന്ന  മീറ്റിംഗ് മാറ്റിവച്ചതായും അടുത്തയാഴ്ച വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്താൻ തീരുമാനിച്ചതായും അവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: