കോവിഡ്-19 വ്യാപനം: വായ്പകൾ തിരികെ അടയ്ക്കാൻ മൂന്ന് മാസത്തെ സാവകാശം അനുവദിച്ച് അയർലണ്ടിലെ സ്വകാര്യപണമിടപാട് സ്ഥാപനങ്ങൾ

കോവിഡ്-19 വ്യാപനത്തെതുടർന്ന് ക്രെഡിറ്റ്-സർവീസിംഗ് സ്ഥാപനങ്ങളും സ്വകാര്യ മോർട്ട്ഗേജ് ഏജൻസികളും വായ്പ തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം നൽകി. ഈ മൂന്ന് മാസക്കാലം വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ കോടതി നടപടികൾ ഉണ്ടാകില്ലെന്നും അവർ അറിയിച്ചു.

സെൻട്രൽ ബാങ്കും ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്സ് ഫെഡറേഷൻ ഓഫ് അയർലൻ്റും(BPFI) തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഈ പ്രഖ്യാപനം.
AIB, ബാങ്ക് ഓഫ് അയർ‌ലൻഡ്, KBC, Permanent TSB, അൾ‌സ്റ്റർ ബാങ്ക് തുടങ്ങി രാജ്യത്തെ 5 പ്രമുഖ ബാങ്കുകൾ കോവിഡ് -19 ബാധിച്ചവർക്ക് മൂന്ന് മാസത്തെ മോർട്ട്ഗേജ് ഫ്രീസ് അനുവദിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സ്വകാര്യ ഏജൻസികളും തങ്ങളുടെ നയം വ്യക്തമാക്കിയത്.

മൂന്ന് മാസത്തെ പെയ്‌മെന്റ് ബ്രേക്ക് നൽകുന്നതിന് ബാങ്കുകൾക്ക് യാതൊരുവിധ എതിർപ്പുമില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ഈ സാഹചര്യത്തിൽ സാമ്പത്തിക മേഖലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ബിസിനസുകളുടെ തകർച്ച തടയുന്നതിനും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള വെല്ലുവിളികളെയെല്ലാം ആർജവത്തോടെ നേരിടുമെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഗബ്രിയേൽ മഖ്‌ലൂഫ് പറഞ്ഞു.

ദിലോസ്‌ക് / ഐസി‌എസ് മോർട്ട്ഗേജുകൾ, ഫിനാൻസ് അയർലൻഡ്, ഇൻവെസ്റ്റെക് പ്രൈവറ്റ് ഫിനാൻസ് അയർലൻഡ് ലിമിറ്റഡ്, ലാപിത്തസ്, ലിങ്ക് ഗ്രൂപ്പ്, മാർസ് ക്യാപിറ്റൽ, പെപ്പർ, സ്റ്റാർട്ട് എന്നീ സ്വകാര്യവായ്പ ഏജൻസികളാണ് ഉപയോക്താക്കൾക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ സാവകാശം നൽകിയത്
റീട്ടെയിൽ ബാങ്കുകളെ പോലെ ക്രെഡിറ്റ് സർവീസിംഗ് സ്ഥാപനങ്ങളും സ്വകാര്യ വായ്പ ഏജൻസികളും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നുവെന്ന് BPFI-യുടെ CEO ബ്രയാൻ ഹെയ്സ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: