കോവിഡ്-19 മരണം 18,891; ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 743 പേർ, അമേരിക്ക ദുരന്തഭൂമിയാകാമെന്ന്‌ ലോകാരോഗ്യ സംഘടന

ഇന്ത്യ പൂര്‍ണ്ണമായും 21 ദിവസത്തേക്ക് അടച്ചുപൂട്ടി. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് കീഴിലായി. 422,613 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം രോഗം പിടിപ്പെട്ടത്. 18,891 പേര്‍ മരിച്ചു.108,879 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി.
ശനിയാഴ്ച റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും നിരക്ക് കുറഞ്ഞ് വന്നിരുന്നു. ശനിയാഴ്ച 739 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ലേക്കും തിങ്കളാഴ്ച അത് 601 ആയും കുറഞ്ഞ് വന്നിരുന്നു. മഹാമാരി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായിട്ടായിരുന്നു മരണസംഖ്യയില്‍ കുറവ് വന്നിരുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്ന റിപ്പോര്‍ട്ടാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. 24 മണിക്കൂറിനിടെ 743 പേര്‍ മരിച്ചു. ഇത് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതെത്തി. ഇതിനിടെ ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 775 പേര്‍ ഇതുവരെ മരിച്ചു. അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. 163 മരണമാണ് ചൊവ്വാഴ്ച മാത്രം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

Share this news

Leave a Reply

%d bloggers like this: